ഉസ്താദ് ഹോട്ടൽ : നാലാഞ്ചിറയിൽ

0

2012 ൽ ആണ്‌ ഉസ്താദ് ഹോട്ടൽ എന്ന സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന അൻവർ റഷീദ് ചിത്രം എത്തുന്നത്. ചിത്രം സൗഹൃദത്തിന്റെയും, പ്രണയത്തിന്റെയും, നർമ്മത്തിന്റെയും രൂപത്തിൽ മലയാള മനസുകൾ കീഴ്പെടുത്തിയപ്പോൾ കൂടെ വിശപ്പിന്റെ കഥയും ചിത്രം പറഞ്ഞു വെക്കുന്നു. ഒരു നേരത്തെ ഭക്ഷണത്തിനായുള്ള പ്രതീക്ഷകൾ അസ്തമിച്ചു കാത്തിരിക്കുന്ന ഒരു സമൂഹത്തിന്റെ മുഖവും അവർക്കു ഭക്ഷണമായി കടന്നു ചെല്ലുന്ന കഥാപാത്രത്തെയും ചിത്രം വരച്ചു കാട്ടുന്നു. ആസ്വാദനത്തിന്‍െറ ഒപ്പംതന്നെ ഇതു തന്റെ കൂടെ ഉത്തരവാദിത്തം അല്ലെ എന്ന ചോദ്യത്തിന്റെ തീ കൂടി യുവഹൃദയങ്ങളിൽ കോരിയിടാൻ ചിത്രത്തിന് കഴിഞ്ഞു.

ചിത്രം കഴിഞ്ഞു വീട്ടിലേയ്ക്കുള്ള മടക്കയാത്രയിൽ പലരും ചിന്തിച്ചു കാണും ഇങ്ങനെ ഒരു നേരം പോലും ഭക്ഷണം കിട്ടാത്തവർ എന്റെ നാട്ടിലും, വീടിന്റെ പരിസരത്തൊക്കെ ഉണ്ടോ അതോ ഞാൻ കാണാത്തതാണോ എന്ന്. ഈ അന്വേഷണം പലരുടെയും കണ്ണ് തുറപ്പിച്ചട്ടുണ്ട്. എനിക്കും എന്തെങ്കിലും ചെയ്യാൻപറ്റുമോ?. ഇതേ ചിന്തയാണ് ആ ചിത്രം കണ്ടിറങ്ങിയ നാലാഞ്ചിറയിലുള്ള ഒരുപറ്റം യുവാക്കളിലും ഉയർന്നുവന്നത്. വ്യക്തികളിൽ ഉയർന്ന ഇത്തരം ചിന്തകൾ അവർ അല്പം മടിയോടും, ചമ്മലോടും കൂടെ സുഹൃത്തുക്കളുമായി പങ്കുവെച്ചു.
അങ്ങനെ സൗഹൃദ വലയങ്ങളിൽ ഇതു അവതരിക്കപ്പെട്ടപ്പോൾ എല്ലാവരും വളരെ ആവേശത്തോടും ഒരേ മനസോടും കൂടി അതേറ്റെടുത്തു. അപ്പോഴാണ് ചോദ്യം ഉയർന്നത് നമ്മുക്കു എങ്ങനെ അവരെ സഹായിക്കാൻ കഴിയും. അതിനുള്ള വിവിധ സാധ്യതകൾ അവർ അനേഷിച്ചു. പിറ്റേ ഞായറാഴ്ച്ച വിശുദ്ധ കുർബാന കഴിഞ്ഞു യുവജന സുഹൃത്തുക്കൾ ഒത്തു കൂടിയപ്പോൾ അവരിൽ ആരോ ഒരാൾ പറഞ്ഞു എന്നാൽ നമ്മുക്കു എല്ലാ ഞായറഴ്ചകളിലും വിശുദ്ധ കുർബാന കഴിഞ്ഞു നമ്മുടെ ഇടവകയിലെ ഭവനങ്ങളിൽ പോയി പൊതിയിൽ ഉച്ച ഭക്ഷണം ശേഖരിച്ചു മെഡിക്കൽ കോളേജിലും, വഴിയോരങ്ങളിലും മറ്റും ഭക്ഷണം ലഭിക്കാൻ യാതൊരു നിർവാഹവും ഇല്ലാത്തവർക്ക് എത്തിച്ചു കൊടുത്താലോ.

അപ്പോൾ ഒരാൾ മറുപടി പറഞ്ഞു “അതുകൊള്ളാല്ലൊ”. നമ്മുക്കു ഇതങ്ങു ചെയ്യ്താലോ എന്നു മറ്റൊരാളും. അങ്ങനെ പലവാക്കുകളിൽ ഒരേ ശബ്ദത്തിൽ അവർ അതു ചെയ്യാനുള്ള തീരുമാനത്തിൽ എത്തി. അനുവാദത്തിനായി വികാരിയച്ചന്റെ അടുത്തു ചെന്നപ്പോൾ അച്ചൻ അതിലും സന്തോഷവാൻ ആയി ഇതു കേട്ട്. അങ്ങനെ അന്നുമുതൽ എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ 100 ൽ അതികം പൊതിച്ചോറുകളുമായി നാലാഞ്ചിറയിലുള്ള യുവജന സുഹൃത്തുക്കൾ തിരുവന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്കു എത്തിച്ചു നൽകുന്നു.

കാരുണ്യത്തിന്റെ 5 വർഷങ്ങൾ ഇപ്പോൾ അവർ പിന്നിട്ടിരിക്കുന്നു. വിശക്കുന്നവന്റെ വിശപ്പു മാറ്റുമ്പോൾ ആണ്‌ യഥാർത്ഥ കാരുണ്യത്തിന്റെ തലങ്ങളിലേക്ക് എത്തുന്നത്. സ്വർഗീയ മന്നയെ ഓർമിപ്പിച്ചു കൊണ്ട് തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ MCYM നാലാഞ്ചിറ യൂണിറ്റിലെ യുവജന സുഹൃത്തുക്കള്‍ നടത്തുന്ന വിശക്കുന്നവനു ഭക്ഷണം നല്‍കുന്ന *മന്ന* എന്ന എന്ന സംരംഭം 5 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച നാലാഞ്ചിറയിലെ യുവജന സുഹൃത്തുക്കൾ, പഠനവുമായും ജോലി സംബന്ധമായും പലരും തിരക്കിലാകുമ്പോഴും അടുത്ത തലമുറ ഞങ്ങൾ ചെയ്തുകൊള്ളാം എന്നു പറഞ്ഞു ഏറ്റെടുക്കുന്നു. 2012 മുതൽ നാളിതുവരെ ഒരിക്കൽ പോലും മുടക്കം വരുത്താതെ എല്ലാ ഞായറാഴ്ചകളിലും കൃത്യമായി വിശപ്പിന്റെ വിളികേട്ടുകൊണ്ടു ഒരുനേരത്തെ ഭക്ഷണമായി എത്തുന്ന നാലാഞ്ചിറ യൂണിറ്റിലെ യുവജങ്ങളുടെ സാമൂഹിക പ്രതിബദ്ധത മാതൃകാപരമാണ്.