മലങ്കര കത്തോലിക്കാ സഭക്ക് പാറശ്ശാല കേന്ദ്രമായി പുതിയ രൂപത , റവ. ഡോ. ജോര്‍ജ്ജ് കാലായില്‍ പുത്തൂരില്‍ പുതിയ ബിഷപ് റവ. ഡോ. ജോണ്‍ കൊച്ചുതുണ്ടില്‍ കൂരിയാ ബിഷപും യൂറോപ്പ്, ഓഷ്യാനിയ എന്നിവയുടെ അപ്പസ്തോലിക വിസിറ്റേറ്ററും

0

തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭക്ക് പാറശ്ശാല കേന്ദ്രമായി പുതിയ രൂപത സ്ഥാപിച്ചു. അമേരിക്കയിലെ മലങ്കര കത്തോലിക്കാ രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ് ഡോ. തോമസ് മാര്‍ യൗസേബിയോസാണ് പുതിയ രൂപതയുടെ പ്രഥമ മെത്രാന്‍. അമേരിക്കയിലെ രൂപതയില്‍ വന്ന ഒഴിവിലേക്ക് തിരുവല്ലാ അതിരൂപതാ സഹായ മെത്രാന്‍ ബിഷപ് ഫിലിപ്പോസ് മാര്‍ സ്തേഫാനോസിനെ നിയമിച്ചു. കര്‍ണ്ണാടകത്തിലെ പുത്തൂര്‍ രൂപതയുടെ പുതിയ അദ്ധ്യക്ഷനായി രൂപതാ അഡ്മിനിസ്ട്രേറ്റര്‍ റവ. ഡോ. ജോര്‍ജ്ജ് കാലായിലിനെയും സഭാ ആസ്ഥാനത്ത് കൂരിയാ മെത്രാനായി തിരുവനന്തപുരം മേജര്‍ അതിരൂപതാ വികാരി ജനറല്‍ റവ. ഡോ. ജോണ്‍ കൊച്ചുതുണ്ടിലിനെയും പുതിയ മെത്രാډാരായി നിയമിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ നടത്തി. ഇത് സംബന്ധിച്ച് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് എടുത്ത തീരുമാനങ്ങള്‍ക്ക് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പാ സ്ഥിരീകരണം നല്‍കുകയായിരുന്നു.
തിരുവനന്തപുരം മേജര്‍ അതിരൂപത വിഭജിച്ചാണ് പാറശ്ശാല രൂപതക്ക് രൂപം നല്‍കിയിരിക്കുന്നത്. കാട്ടാക്കട, പാറശ്ശാല, നെയ്യാറ്റിന്‍കര വൈദികജില്ലകളിലെ ഇടവകകളെയും തിരുവനന്തപുരം വൈദികജില്ലയിലെ 2 ഇടവകകളെയും ചേര്‍ത്താണ് പുതിയ രൂപത നിലവില്‍ വന്നിരിക്കുന്നത്. . 103 ഇടവകകളും 31 വൈദിക മന്ദിരങ്ങളും 23 സന്യാസ ഭവനങ്ങളും ഒരു കോളേജും 12 എയ്ഡഡ് സ്കൂളുകളും 59 മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും 5 ജീവകാരുണ്യ കേന്ദ്രങ്ങളും പുതിയ രൂപതയിലുണ്ട്. പാറശ്ശാല സെന്‍റ് മേരീസ് ദൈവാലയമാണ് പുതിയ രൂപതയുടെ കത്തീഡ്രല്‍. കല്‍ക്കട്ടായിലെ വി. മദര്‍ തെരേസയണ് രൂപതയുടെ മദ്ധ്യസ്ഥ. തിരുവനന്തപുരം മേജര്‍ അതിരൂപത വിഭജിച്ച് രൂപീകരിക്കുന്ന നാലാമത്തെ രൂപതയാണ് പാറശ്ശാല. മാര്‍ത്താണ്ഡം, മാവേലിക്കര, പത്തനംതിട്ട എന്നിവയാണ് മറ്റു രൂപതകള്‍. ഇതോടെ മലങ്കര സുറിയാനി കത്തോലിക്കാസഭക്ക് 11 രൂപതകളും ഒരു എക്സാര്‍ക്കേറ്റുമായി. പാറശ്ശാല രൂപതയില്‍ നിയമിതനായ ബിഷപ് തോമസ് മാര്‍ യൗസേബിയോസ് പത്തനംതിട്ട ജില്ലയില്‍ മൈലപ്ര സ്വദേശിയാണ്. 1961 ജൂണ്‍ 6 ന് ജനനം. നായിക്കം പറമ്പില്‍ എന്‍.ടി. തോമസും, ശോശാമ്മ വര്‍ഗ്ഗീസുമാണ് മാതാപിതാക്കള്‍. മൈലപ്ര സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.തിരുവനന്തപുരം സെന്‍റ് അലോഷ്യസ് മൈനര്‍ സെമിനാരി, പൂന പേപ്പല്‍ സെമിനാരി എന്നിവിടങ്ങളില്‍ വൈദിക പരിശീലനം. 1986 ഡിസംബര്‍ 29 ന് ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. കേരള സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിലും പൂന പേപ്പല്‍ സെമിനാരിയില്‍ നിന്നും ഫിലോസഫിയിലും മാസ്റ്റര്‍ ബിരുദവും റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഫിലോസഫിയില്‍ ഡോക്ടറേറ്റും നേടി. തിരുവന്തപുരം മലങ്കര സെമിനാരിയിലും മറ്റു വിവിധ സെമിനാരികളിലും പ്രൊഫസറായിരുന്നു. തിരുവനന്തപുരം മേജര്‍ അതിരൂപത പ്രെിസ് ബെറ്റിറല്‍ കൗണ്‍സില്‍ സെക്രട്ടറി, വൈദികര്‍ക്ക് വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998ല്‍ ഏഷ്യയിലെ മെത്രാന്‍മാര്‍ക്കുവേണ്ടി നടന്ന സിനഡില്‍ ദൈവശാസ്ത്ര വിദഗ്ധന്‍ എന്ന നിലയില്‍ പങ്കെടുത്തിട്ടുണ്ട്. 2010 ജൂലൈ 10 ന് അമേരിക്കയില്‍ സ്ഥാപിതമായ മലങ്കര കത്തോലിക്കാ എക്സാര്‍ക്കേറ്റിന്‍റെ പ്രഥമ ഇടയനായി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നിയമിച്ചു. 2010 സെപ്റ്റംബര്‍ 21 ന് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായില്‍ നിന്നും മെത്രാന്‍ പട്ടം സ്വീകരിച്ചു. കഴിഞ്ഞ 7 വര്‍ഷമായി അമേരിക്കയിലെയും കാനഡയിലെയും മലങ്കര കത്തോലിക്കാ വിശ്വാസികളുടെ മെത്രാന്‍ എന്ന നിലയില്‍ ന്യൂയോര്‍ക്കില്‍ രൂപതാ ആസ്ഥാനവും കത്തീഡ്രല്‍ ദൈവാലയവും സ്ഥാപിച്ചു. അമേരിക്കന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സില്‍ കുട്ടികളുടെയും യുവജനങ്ങളുടെയും സംരക്ഷണത്തിനായുള്ള കമ്മീഷനിലും ഏഷ്യാ പസഫിക് രാജ്യങ്ങളിലെ പ്രവാസികള്‍ക്കുവേണ്ടിയുള്ള കമ്മീഷനിലും അംഗമായിരുന്നു. ഇംഗ്ലീഷ്, ഇറ്റാലിയന്‍. ജര്‍മ്മന്‍ ഭാഷകളില്‍ പ്രാവീണ്യം ഉണ്ട്.
ബിഷപ് തോമസ് മാര്‍ യൗസേബിയോസിനു പകരമായി അമേരിക്കയിലെ മലങ്കര കത്തോലിക്കാ രൂപതയുടെ ദ്വീതിയ ഇടയനായി തിരുവല്ലാ അതിരൂപതയുടെ സഹായ മെത്രാന്‍ ബിഷപ് ഡോ. ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് നിയമിതനായി, പത്തനംതിട്ട ജില്ലയിലെ തിരുവല്ലാ അതിരൂപതയില്‍ റാന്നി കരിമ്പനാംക്കുഴിയില്‍ 1952 മെയ് 9 ന് ജനനം. തോട്ടത്തില്‍ ഫിലിപ്പ്, മറിയാമ്മ എന്നിവരാണ് മാതാപിതാക്കള്‍. തിരുവല്ലാ ഇന്‍ഫന്‍റ് മേരി മൈനര്‍ സെമിനാരിയിലും പൂന പേപ്പല്‍ സെമിനാരിയിലും വൈദിക പരിശീലനം. 1979ഏപ്രില്‍ 22 ന് ബിഷപ് ഐസക്ക് മാര്‍ യൂഹാനോനില് നിന്നും വൈദികപട്ടം സ്വീകരിച്ചു. റോമിലെ അല്‍ഫോന്‍സിയ അക്കാഡമിയില്‍ നിന്നും മോറല്‍ തിയോളജിയില്‍ ഡോക്ടറേറ്റ്. രൂപതാ മൈനര്‍ സെമിനാരി റെക്ടര്‍, എം.സി.വൈ.എം. ഡയറക്ടര്‍, തിരുവല്ലാ പുഷ്പഗിരി ഹോസ്പിറ്റല്‍ ഡയറക്ടര്‍ എന്നീ നിലകലില്‍ പ്രവര്‍ത്തിച്ചു. തിരുവല്ലാ രൂപതാ അഡ്മിനിട്രേറ്റര്‍ ആയിരുന്നു. തിരുവന്തപുരം മലങ്കര സെമിനാരിയില്‍ റെക്ടര്‍ ആയിരുന്നു. 2010 മാര്‍ച്ച് 13 ന് തിരുവല്ലാ അതിരൂപതയുടെ സഹായ മെത്രാനായി മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായില്‍ നിന്നും മെത്രാന്‍ പട്ടം സ്വീകരിച്ചു. ഇംഗ്ലീഷ്, ജര്‍മ്മന്‍, ഇറ്റാലിയന്‍, സുറിയാനി ഭാഷകളില്‍ പ്രാവീണ്യം ഉണ്ട്.
കര്‍ണ്ണാടകത്തിലെ സൗത്ത് കാനറ പുത്തൂര്‍ രൂപത കേന്ദ്രമായിട്ടുള്ള രൂപതയുടെ പ്രഥമ ഇടയന്‍ ബിഷപ് ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസിയോസ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നു വന്ന ഒഴിവിലേക്കാണ് ഇപ്പോള്‍ രൂപതയുടെ അഡ്മിനിട്രേറ്ററായ റവ. ഡോ. ജോര്‍ജ്ജ് കാലായില്‍ നിയമിതനായത്. സൗത്ത് കാനറ ന്യൂജിബാല്‍ത്തില സ്വദേശി. കാലായില്‍ പരേതനായ കെ.എം. ചാക്കോ, മറിയാമ്മ എന്നിവരാണ് മാതാപിതാക്കള്‍. രാജു, ചാക്സണ്‍, അമ്മിണി, ലീലാമ്മ, തങ്കമ്മ, ലിസി എന്നിവരാണ് സഹോദരങ്ങള്‍. തിരുവല്ല ഇന്‍ഫന്‍റ് മേരി സെമിനാരി , മംഗലാപുരം സെന്‍റ് ജോസഫ്സ് സെമിനാരി, പൂന പേപ്പല്‍ സെമിനാരി എന്നിവിടങ്ങളില്‍ വൈദിക പരിശീലനം. 1986 മെയ് 1 ന് സിറിള്‍ ബസേലിയോസ് കാതോലിക്കാബാവായില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. തിരുവനന്തപുരം മലങ്കര സെമിനാരിയില്‍ പ്രൊഫസറും റെക്ടറുമായിരുന്നു. പുത്തൂര്‍ രൂപത സ്ഥാപിതമായപ്പോള്‍ പ്രഥമ വികാരി ജനറല്‍ ആയിരുന്നു. തുടര്‍ന്ന് രൂപതാ അഡ്മിനിട്രറ്ററുമായി.
ബിഷപ് തോമസ് മാര്‍ അന്തോണിയോസ് പൂനാ എക്സാര്‍ക്കേറ്റിന്‍റെ ഇടയനായി നിയമിതനായതിനെ തുടര്‍ന്നാണ് സഭയുടെ ആസ്ഥാനമായ പട്ടം കാതോലിക്കേറ്റ് സെന്‍ററില്‍ കൂരിയാ മെത്രാനായി റവ. ഡോ. ജോണ്‍ കൊച്ചുതുണ്ടില്‍ നിയമിതനാകുന്നത്. ഇതിന് പുറമെ യൂറോപ്പിലെയും ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് രാജ്യങ്ങളിലെ മലങ്കര കത്തോലിക്കാ സഭാ വിശ്വാസികളുടെ അപ്പസ്തോലിക സന്ദര്‍ശക ചുമതലയും നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ പുതുശ്ശേരിഭാഗം സ്വദേശി. 1959 ഏപ്രില്‍ 8 ന് ജനനം. കൊച്ചുതുണ്ടില്‍ ഫിലിപ്പോസ് ഉണ്ണുണ്ണി, പരേതയായ ചിന്നമ്മ എന്നിവര്‍ മാതാപിതാക്കള്‍. രാജു, വില്‍സണ്‍, വല്‍സമ്മ, തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ റവ. ഫാ. ജോണ്‍സണ്‍ കൊച്ചുതുണ്ടില്‍, ബഥനി സന്യാസിനി സിസ്റ്റര്‍ കരുണ എസ്.ഐ.സി. എന്നിവര്‍ സഹോദരങ്ങള്‍. തിരുവനന്തപുരം സെന്‍റ് അലോഷ്യസ് സെമിനാരി, ആലുവ സെന്‍റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരി എന്നിവിടങ്ങലില്‍ വൈദിക പരിശീലനം. 1985 ഡിസംബര്‍ 22 ന് ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. കേരളാ സര്‍വ്വകലാശാലയില്‍ നിന്നും റാങ്കോടെ മലയാളം സാഹിത്യത്തില്‍ ബിരുദം. റോമിലെ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പൗരസ്ത്യ കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ്. തായ്ലന്‍റിലെ സോഫിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വൈദിക പരിശീലനത്തില്‍ ഡിപ്ലോമ എന്നിവ നേടിയിട്ടുണ്ട്. ഏഴു വര്‍ഷകാലം ആരര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്‍റെ സെക്രട്ടറിയായിരുന്നു. തിരുവനന്തപുരം സെന്‍റ് അലോഷ്യസ് മൈനര്‍ സെമിനാരി, സെന്‍റ് മേരീസ് മലങ്കര സെമിനാരി എന്നിവിടങ്ങളില്‍ റെക്ടറായിരുന്നു. തിരുവനന്തപുരം മേജര്‍ അതിരൂപതയില്‍ രൂപതാ കോടതിയില്‍ വിവിധ ചുമതലകള്‍, ചാന്‍സിലര്‍, വികാരി ജനറല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി , പ്രെസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, പാളയം സമാധാന രാജ്ഞി ബസിലിക്ക റെക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സഭാതല കോടതിയില്‍ ഓര്‍ഡിനറി ട്രിബ്യൂണല്‍ പ്രസിഡന്‍റ്, വൈസ് ചാന്‍സിലര്‍, സഭയുടെ പ്രത്യേക നിയമങ്ങള്‍ തയ്യാറാക്കുന്ന സമിതിയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.ഗുഡ്ഗാവ് രൂപതയില്‍ ചാന്‍സിലര്‍, വികാരി ജനറല്‍, ന്യൂയോര്‍ക്ക് അതിരൂപതാ കോടതിയില്‍ ജഡ്ജിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ സി.ബി.സി.ഐ. സെന്‍ററില്‍ കോര്‍ കമ്മറ്റിയംഗമായിരുന്നിട്ടുണ്ട്. ഇന്ത്യന്‍ കാനനന്‍ ലോ സൊസൈറ്റിയില്‍ അംഗമാണ്. ഹിന്ദി, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, സംസ്കൃത ഭാഷകളില്‍ പ്രാവീണ്യം ഉണ്ട്. നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രചയിതാവ് കൂടിയാണ്. സ്നേഹസ്വരൂപാ തവ ദര്‍ശനം, നായകാ ജീവദായകാ, രക്ഷകാ ഗായകാ തുടങ്ങിയ പ്രശസ്ത ഗാനങ്ങള്‍ റവ. ഡോ. ജോണ്‍ കൊച്ചുതുണ്ടില്‍ രചിച്ചതാണ്.