ചരിത്ര സത്യങ്ങൾ ചാരം മൂടുന്നതും ചാരം വിതറുന്നതും Part- 2

0

ക്നാനായ സഭ തോമസ് മാർ ദിയോസ്കോറസ് പിതാവിനെ ഇന്നും ഓർമ്മിക്കുന്നു എന്ന് മനസ്സിലാക്കിയ സന്തോഷത്തിൽ ഇന്റർനെറ്റിൽ പൗലോസ് മാർ പീലക്സിനോസ് എന്ന പേര് പരതി, മലബാർ സ്വതന്ത്ര സുറിയാനി സഭയിൽ നിന്നും മലങ്കര കത്തോലിക്കാ സഭയിലേക്കു പുനരൈക്യപ്പെട്ട ഇടയശ്രേഷ്ഠൻ.

malabar independent Syrian church എന്ന വിക്കിപീഡിയ പേജിലും
malabar independent Syrian Church – Thozhiyoor Sabha എന്ന facebook പേജിലും സഭയുടെ ചരിത്രത്തിൽ, സഭയുടെ മുൻകാല പിതാക്കന്മാരെക്കുറിച്ച് പരാമർശിക്കുമ്പോൾ പിതാവിന്റെ പേരും പ്രസ്താവിക്കുന്നു 1967 മുതൽ 1977 വരെ സഭയെ നയിച്ചുവെന്നും സീറോ മലങ്കര കത്തോലിക്കാ സഭയിലേക്കു ചേർന്നുവെന്നും വിശദീകരിക്കുന്നു.

സഭയുടെ ചരിത്രം വെട്ടി തിരുത്താതെ ,കത്തോലിക്കാ സഭയിലേക്കു പുനരൈക്യപ്പെട്ടുവെങ്കിലും സഭയെ നയിച്ച പിതാക്കന്മാരുടെ ഗണത്തിൽ പീലക്സിനോസ് പിതാവിന്റെ പേരും ഉൾപ്പെടുത്തിയ സഭ നേതൃത്വത്തെ അനുമോദിക്കുന്നു. പീലക്സിനോസ് പിതാവിനെ കൂടുതൽ അറിയാനായി ശ്രമം നടത്തിയപ്പോൾ തൊഴിയൂർ സഭയുടെ വിശാല കാഴ്ചപ്പാടുകളെയും അറിയാനായി. ആളുകളുടെ ബാഹുല്യം കാരണം ‘വലുത് ‘ എന്ന് ഗണിക്കപ്പെടുന്ന പല ‘വലിയ’ സഭകൾക്കുമില്ലാത്ത തുറവിയും വിശാല കാഴ്ചപ്പാടുമുള്ള ‘ചെറിയ’ സഭയെ അനുമോദിക്കുന്നു.

പൗലോസ് മാർ പീലക്സിനോസ്

തൃശൂർ ജില്ലയിലെ ആഞ്ഞൂരിൽ അയ്യംകുളങ്ങര വീട്ടിൽ തോമസിന്റെയും താണ്ടകുട്ടിയുടെയും ആദ്യജാതനായി 1928 ഏപ്രിൽ 28 ന് ജനിച്ചു.തൊഴിയൂർ സി.എം.എച്ച്.ഇ സ്കൂളിലും പഴഞ്ഞി സർക്കാർ സ്കൂളിലുമായി വിദ്യാഭ്യാസം, തുടർന്ന് മഹാരാഷ്ട്രയിൽ കോലാപ്പുരിലെ വെല്ലിംഗ്ടൺ കോളേജിൽ ഇന്റർമീഡിയറ്റ് പഠനം , ഡോക്ടർ ആകണമെന്നതായിരുന്നു ആഗ്രഹമെങ്കിലും ആത്മാക്കളുടെ വൈദ്യനാകുക എന്നതായിരുന്നു ദൈവഹിതം. ബാല്യം മുതലേയുള്ള ആസ്ത്മ രോഗവുംമറ്റ് ശാരീരിക അസ്വസ്ഥതകളും പഠനത്തിന് തടസ്സമായി.നാട്ടിൽ തിരിച്ചു എത്തിയ പിതാവ്‌ ആത്മീയ കാര്യങ്ങളിൽ തല്പരനാവുകയും ജീവിതം ദൈവവേലക്കായി സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.ഗീവർഗീസ് മാർ കൂറിലോസ് മെത്രപോലിത്തയിൽ നിന്ന്
1961 ഡിസംബർ 24-ന് പൗരോഹിത്യം സ്വീകരിച്ചു. 1967 ഡിസംബർ 16-നു മാർത്തോമാ സഭയിലെ യൂഹാനോൻ മാർത്തോമാ മെത്രാപ്പോലീത്തയിൽ നിന്നും പൗലോസ് മാർ പീലക്സിനോസ് മൂന്നാമൻ എന്ന പേരിൽ മേൽപ്പട്ട സ്ഥാനവും സ്വികരിച്ചു.

പൗലോസ് മാർ പീലക്സിനോസ് തിരുമേനി നിരന്തരമായ പഠനത്തിനും മനനത്തിനും പ്രാർത്ഥനയ്ക്കും ശേഷം ഉരുത്തിരിഞ്ഞ ശക്തമായ ബോധ്യത്തിൽ നിന്നാണ് മലങ്കര കത്തോലിക്കാ സഭയിലേക്കു പുനരൈക്യപ്പെട്ടത്. കത്തോലിക്കാ സഭയിലേക്കുള്ള പുനരൈക്യത്തിനു 12 ദിവസം മുമ്പ് 1977 ആഗസ്റ്റ് 16-ന് പിതാവ് തന്റെ സഭാ മക്കൾക്കായി അയച്ച സുദീർലമായ ഇടയലേഖനത്തിൽ
സഭയുടെ ഉത്പത്തിയേയും –
കാട്ടുമങ്ങാട്ട് ഏബ്രഹാം മാർ കൂറിലോസ് മെത്രാപോലീത്ത കുന്നംകുളത്തിനടുത്തുള്ള തൊഴിയൂരിൽ വന്നു 1772 ഒരു പള്ളി സ്ഥാപിക്കുന്നതോടെ ആണ് മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ആരംഭം കുറിച്ചത്.
അന്ത്യേക്യൻ പാത്രിയർക്കീസുമായുള്ള ബന്ധത്തേയും – 1815 മുതൽ 1825 വരെയുള്ള 10 വർഷത്തിനിടയിൽ തൊഴിയൂർ സഭയിലെ സ്കറിയ മാർ പിലെക്സിനോസ് മെത്രാപ്പോലീത്ത മലങ്കര സഭയ്ക്ക് 3 മെത്രാൻമാരെ- കുന്നംകുളം പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ്(1815) ‘കോട്ടയം പുന്നത്ര മാർ ദിവന്നാസിയോസ്(1817),ചേപ്പാട്ട് പീലിപ്പോസ് മാർ ദിവന്നാസിയോസ്(1825) വാഴിച്ചതും വ്യക്തമാക്കുന്നു.പിന്നീട് 1856 – ൽ ഗീവർഗീസ് മാർ കൂറിലോസ് പിൻഗാമിയായി മറ്റൊരാളെ വാഴിക്കാൻ ഇടയാകാതെ കാലം ചെയ്ത ഘട്ടത്തിലാണ് മാർത്തോമ്മാ സഭയിലെ പാലക്കുന്നത്ത് മാത്യൂസ് മാർ അത്തനാസിയോസ് ആഞ്ഞൂർ ദേവാലയത്തിലെത്തി ആലത്തൂർ പനയ്ക്കൽ യൗസേപ്പ് കത്തനാരെ മാർ കൂറിലോസ് എന്ന പേരിൽ മെത്രാനായി വാഴിച്ചതു അതിനെത്തുടർന്ന് മാർത്തോമ്മാ സഭയുമായി ബന്ധത്തിൽ ആകുകയും ചെയ്തു.
പിന്നീട് മാർത്തോമ സഭയിലെ തോമസ് മാർ അത്തനാസിയോസ് പിൻഗാമിയെ വാഴിക്കാതെ കാലം ചെയ്തപ്പോൾ തൊഴിയൂർ സഭയിലെ പിതാക്കന്മാരാണ് 1893 -ൽ തീത്തൂസ് ഒന്നാമനെ വാഴിച്ചത്.

എന്തുകൊണ്ടാണ് ഓർത്തഡോക്സ് സഭയുമായി ഐക്യത്തിന് ശ്രമിക്കാതിരുന്നത് എന്നുള്ളതും അദ്ദേഹം വളരെ കൃത്യമായി തന്റെ ഇടയലേഖനത്തിൽ പ്രസ്താവിക്കുന്നു നൂറ്റാണ്ടുകളായി അന്തഛിദ്രത്തിലും വഴക്കിലും കേസുകളിലുമായി കഴിയുന്ന ഒരു സഭയ്ക്ക് നമ്മെ ഒരു വിധത്തിലും സഹായിക്കുന്നതിനും ഉദ്ധരിക്കുന്നതിനു കഴിവില്ല.

കാതോലികവും ശ്ളൈ ഹീകവും ഏകവും വിശുദ്ധവുമായ സഭ കത്തോലിക്കാ സഭയാണെന്നും ആർച്ച് ബിഷപ് ഗീവർഗ്ഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത മലങ്കര സഭാമക്കളുടെ ഐക്യത്തിനും നവോത്ഥാനത്തിനുമായി വെട്ടിത്തുറന്ന പുത്തൻ പാതയിലൂടെ മാത്രമെ മലങ്കര സഭയിൽ ശാശ്വത സമാധാനം പൂവണിയൂ എന്ന് ബോധ്യമായ പിതാവിന് തിരിച്ചറിഞ്ഞ സത്യത്തെ പുൽകുന്നതിന് തന്റെ സ്ഥാനമാനങ്ങളോ അധികാരമോ ബന്ധുത്വമോ ഒന്നും തടസ്സമായില്ല, തന്റെ സഭയിലെ എല്ലാ പ്രതാപവും പരമാധികാരവും എല്ലാം ഉപേക്ഷിച്ച് 1977 ഓഗസ്റ്റ് 28-ൽ ഒരു മെത്രാനായി മാത്രം കത്തോലിക്കാ സഭയിലേക്കു ഐക്യപ്പെട്ടു.1977 ഒക്ടോബർ 11ന് പോൾ ആറാമൻ മാർപ്പാപ്പ അദ്ദേഹത്തെ ചായൽ സ്ഥാനിക രൂപതയുടെ മെത്രാനായി നിയമിച്ചു.1979 ഒക്ടോബർ 7 വത്തിക്കാനിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പയും ആയി കൂടിക്കാഴ്ച നടത്തി. കത്തോലിക്ക സഭയിലേക്കു പുനരൈക്യപ്പെട്ടതിനു ശേഷം ഔദ്യോഗിക ഉത്തരവാദിത്തങ്ങളിൽ നിന്നെല്ലാം അകന്നു ജീവിച്ച ആ സത്യാന്വേഷി 1998 നവംബർ മൂന്നാം തീയതി സ്വർഗ്ഗീയ സമ്മാനത്തിനായി കടന്നുപോയി.
നവംബർ 5 -നു തിരുവല്ല കത്തീഡ്രൽ ദേവാലയത്തിൽ കബറടക്കി.

വൽകഷ്ണം:ഒരു രാവ് ഇരുട്ടിവെളുത്തപ്പോൾ ഒരു പ്രദേശത്തുള്ള ഒരു സഭാ സമൂഹം മുഴുവൻ മെത്രാസന മന്ദിരം ഉൾപ്പെടെ മറ്റൊരു സഭാ സമൂഹത്തിന്റേതായി രൂപമാറ്റം സംഭവിച്ച വർത്തമാന കാലത്തു താൻ മനസിലാക്കിയതാണു സത്യം എന്ന ഉത്തമ ബോധ്യം ഉണ്ടായിട്ടും അതിനായി ആരെയും നിർബന്ധിക്കാതെ ആരിലും യാതൊരു സമ്മർദ്ദവും ചെലുത്താതെ എല്ലാം ഉപേക്ഷിച്ചു ഇറങ്ങി പുറപ്പെട്ട പൗലോസ് മാർ പിലെക്സിനോസ് പിതാവ്‌ വേറിട്ട വ്യക്ത്തിത്വത്തിനു ഉടമയാണ്.

കൂടുതൽ പഠനങ്ങൾക്ക്
പൗലോസ് മാർ പിലെക്സിനോസ്
സഭൈക്യത്തിന്റെ അപ്പസ്തോലൻ

റെവ.ഡോ.ഐസക് പറപ്പള്ളിൽ
സമീക്ഷ തിരുവല്ല