വിഷം പുരട്ടി അച്ചടിക്കപ്പെടുന്ന വ്യാജവാര്‍ത്തകൾ

0

കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനദിവസം തന്നെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ മാധ്യമ പ്രവര്‍ത്തനത്തിലെ തങ്ങളുടെ അധാര്‍മ്മിക നിലപാടുകളും, ലവലേശം പോലുമില്ലാത്ത മാന്യതയും വെളിപ്പെടുത്തിയ ഒരു മാധ്യമത്തിന്റെ ഭാഗത്തുനിന്നും, പ്രതീക്ഷിക്കാവുന്ന നിലവാരത്തിന് പരിമിതികളുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ല. പ്രസ്തുത മാധ്യമത്തിന്റെ ശൈലികള്‍ പരിശോധിച്ചാല്‍, ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി അധാര്‍മ്മികമാം വിധം വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ഒരുകാലത്തും അവര്‍ മടികാണിച്ചിട്ടില്ല എന്ന് വ്യക്തം. ഒരു ‘പൈങ്കിളി’ പ്രസിദ്ധീകരണത്തിന്റെ മറവില്‍ പച്ചപിടിച്ച ഒരു മാധ്യമസംസ്കാരത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനില്ല എന്നതും വാസ്തവം തന്നെ. പ്രതിരോധങ്ങളും പ്രതിഷേധങ്ങളും നാമമാത്രമായ സമൂഹങ്ങള്‍ക്കെതിരെയാകുമ്പോള്‍, എന്തും പറയാം എന്ന ദാര്‍ഷ്ട്യം സമീപകാലങ്ങളായി വെളിപ്പെടുത്തിക്കൊണ്ടിരുന്ന ചില ‘മഞ്ഞ’പത്രങ്ങളില്‍ തങ്ങളുടെ സ്ഥാപകന്റെ പേര് അനുദിനം മോശമാക്കിക്കൊണ്ടിരിക്കുന്ന പ്രസ്തുത മഞ്ഞപ്പത്രത്തിനും ചാനലിനും ഒന്നാം സ്ഥാനമുണ്ടെന്ന് പറയാതെ വയ്യ.

പൊതുവേ ക്രൈസ്തവസഭകളും, പ്രത്യേകിച്ച് കത്തോലിക്കാസഭയും പ്രത്യേകമായി ഇടപെട്ടുകൊണ്ടിരിക്കുന്ന അനേകം സാമൂഹിക വിഷയങ്ങളില്‍, രണ്ട് പ്രധാന പ്രവര്‍ത്തനമേഖലകളെ ബന്ധപ്പെടുത്തിക്കൊണ്ട് *27/08/2017 ഞായറാഴ്ച, മംഗളം ദിനപ്പത്രം ആദ്യ പേജിൽ* പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തികഞ്ഞ അസംബന്ധമാണെന്ന് പറയാതിരിക്കാനാവില്ല. _അദ്ധ്യാപക നിയമനത്തിലെ വിരട്ടല്‍ ഏറ്റു, മദ്യനയത്തില്‍ മെത്രാന്‍മാര്‍ കണ്ണടച്ചു._ എന്നായിരുന്നു അവരുടെ പ്രസ്തുത ലേഖനത്തിന്റെ തലക്കെട്ട്‌. തരംതാണ ഒരു കാര്‍ട്ടൂണ്‍ ചിത്രത്തിന്‍റെ പിന്തുണയും ആ റിപ്പോര്‍ട്ടിന് ഉണ്ടായിരുന്നത് അപഹാസ്യമാണ്. യാതൊരുവിധ ആധികാരികതയോ, വിശ്വാസ്യതയോ അവകാശപ്പെടാനില്ലാത്ത ആരോപണങ്ങള്‍ക്കും, അവകാശവാദങ്ങള്‍ക്കും മറുപടി നല്‍കേണ്ടത് സാംസ്കാരിക കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തന്നെയാണ്.

ഇത്തരം പ്രധാനപ്പെട്ട രണ്ട് വിഷയങ്ങളില്‍ ബാലിശമായി ഇടപെട്ട് താല്‍ക്കാലികമുതലെടുപ്പിന് ശ്രമിക്കുന്ന തരം താണ പത്രപ്രവര്‍ത്തനത്തിന്റെ ചേതോവികാരം തിരിച്ചറിയേണ്ടത്, നമ്മുടെ സമ്പന്നമായ സാമൂഹിക വ്യവസ്ഥിതിയുടെ നിലനില്‍പ്പിന്റെ ആവശ്യമാണ്‌. ലളിതമായ ചിന്തകളിലൂടെ തന്നെ, നാം പരിഗണിക്കേണ്ട രണ്ട് വസ്തുതകള്‍, പൊതുവിദ്യാഭ്യാസരംഗത്തും, മദ്യവിരുദ്ധ പ്രചരണരംഗത്തും ക്രിസ്തീയ സമൂഹം കാലങ്ങളായി കൈക്കൊണ്ടുവരുന്ന നിലപാടുകളിലെ സുതാര്യതയാണ്.

അടുത്ത ചില കാലങ്ങളായി, ചില ഉദാഹരണങ്ങളെ ആധാരമാക്കി ഒട്ടേറെ പഴികള്‍ കേള്‍ക്കുന്നുവെങ്കിലും, വിദ്യാഭ്യാസ രംഗത്തെ ക്രൈസ്തവഇടപെടലുകളുടെ യാഥാര്‍ത്ഥ്യവും വ്യാപ്തിയും അതിന് അതീതമാണ്. കേരളത്തില്‍ പന്ത്രണ്ടായിരത്തിലേറെ എയ്ഡഡ് സ്കൂളുകള്‍ ഉള്ളവയില്‍ ഒമ്പതിനായിരത്തില്‍പരവും സ്വകാര്യമേഖലയിലാണ്. അതില്‍ത്തന്നെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത് ക്രിസ്ത്യന്‍ മാനേജ്മെന്റുകളാണ്. ഏതുവിധ രാഷ്ട്രീയ, സാമൂഹിക സംവിധാനങ്ങളുടെ തലപ്പത്ത് നില്‍ക്കുന്നവരിലും ഭൂരിപക്ഷത്തിന് പറയാനുണ്ടാവുക തങ്ങള്‍ പഠിച്ച ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള വിദ്യാലയങ്ങളുടെ നന്മകള്‍ ആയിരിക്കും. അനേകര്‍ അത് പങ്കുവച്ച് കേള്‍ക്കാറുമുണ്ട്.

ഈ കാലഘട്ടത്തില്‍, പൂര്‍ണ്ണ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന വിദ്യാലയങ്ങളുടെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട് എന്നത് ആശാവഹമായ കാര്യമാണ്. മുന്‍കാലങ്ങളിലെ സ്ഥിതിഗതികള്‍ വളരെ വ്യത്യസ്ഥമായിരുന്നു എന്ന് നമുക്കറിയാം. ഒരുപക്ഷെ, ഗുണമേന്മയുള്ള ഒരു വിദ്യാഭ്യാസകാലം കുഞ്ഞുങ്ങള്‍ക്ക് ഉറപ്പുവരുത്തുവാന്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ കീഴിലുള്ള എയ്‌ഡഡ് സ്കൂളുകളെ മാതാപിതാക്കളില്‍ കൂടിയപങ്കും ആശ്രയിച്ചിരുന്നു. ഇന്നും ഏറെക്കുറെ അങ്ങനെ തന്നെ.

വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ സ്വന്തമായ സ്ഥലത്ത്, തനതായ മൂലധനം കണ്ടെത്തി പ്രദേശവാസികളുടെ വലിയ പങ്കാളിത്തത്തോടെ കഷ്ടപ്പെട്ട് പണിതുയര്‍ത്തിയവയാണ് മിക്കവാറും എല്ലാ മാനേജ്മെന്റ് സ്കൂളുകളും. കേരളസമൂഹത്തിന്റെ മുഴുവന്‍ വിദ്യാഭ്യാസ ആവശ്യങ്ങളും ഏറ്റെടുത്ത് നടത്തുവാന്‍ തക്ക ശേഷി സര്‍ക്കാരിന് അന്നും ഇന്നും അവകാശപ്പെടാന്‍ കഴിയാത്തതിനാല്‍തന്നെ ആദ്യകാലം മുതല്‍, ഇത്തരത്തില്‍ നല്ലനിലയില്‍ നടന്നുവരുന്ന വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കി മുന്നോട്ട് നയിക്കുന്നതില്‍ മാറിവരുന്ന സര്‍ക്കാരുകള്‍ വീഴ്ച വരുത്തിയിട്ടില്ല. എയ്‌ഡഡ് മേഖലയിലെ അദ്ധ്യാപക/ അനദ്ധ്യാപകര്‍ക്കുള്ള വേതനവും, പരിമിതമായ മറ്റ് എയ്‌ഡുകളും സര്‍ക്കാര്‍ ഏറ്റെടുത്ത് നിര്‍വ്വഹിച്ചുവരുന്നത് നമുക്കറിയാം.

മറ്റെല്ലാത്തരം ചെലവുകള്‍ക്കും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായി വരുന്ന ധനം കണ്ടെത്താന്‍ മാനെജ്മെന്റുകൾ സാധാരണയായി മറ്റു വഴികൾ അന്വേഷിക്കുകയാണ് പതിവ്. യഥാര്‍ത്ഥത്തില്‍ ഈ മേഖലയിൽ ലഭിക്കുന്ന പണത്തിലും എത്രയോ അധികമാണ് ഭൂരിഭാഗം വിദ്യാലയങ്ങള്‍ക്കും ആവശ്യമായി വരുന്ന നടത്തിപ്പ് ചെലവുകളും, മൂലധനനിക്ഷേപങ്ങളും. എങ്കിലും, തങ്ങള്‍ ഇടപെട്ടുവരുന്ന മേഖലയുടെ പ്രാധാന്യം മനസിലാക്കി, തികഞ്ഞ ആര്‍ജ്ജവത്തോടെ തന്നെയാണ് ഭൂരിഭാഗം മാനേജ്മെന്റുകളും ക്രൈസ്തവസഭകളും ഈ ഉത്തരവാദിത്തങ്ങളെ സമീപിക്കുന്നതും, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മാന്യമായി നടത്തിക്കൊണ്ടിരിക്കുന്നതും. വിദ്യാഭ്യാസ രംഗത്തെ ക്രൈസ്തവ മാനേജ്മെന്റുകളുടെ ക്രിയാത്മക ഇടപെടലുകളുടെ ഭാഗമായി അവർക്ക് ലഭിക്കുന്ന ഏക അവകാശം അദ്ധ്യാപകരുടെയും, സ്റ്റാഫിന്റെയും നിയമനമാണ്. സ്ഥാപനങ്ങളുടെ നിലവാരം കാത്ത് സൂക്ഷിക്കുവാൻ അതാവശ്യമാണ് താനും. മാറിവരുന്ന സാമൂഹിക ചുറ്റുപാടുകൾക്കും നയങ്ങൾക്കും അനുസൃതമായി സർക്കാരിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാവുന്നതാണ്. പക്ഷെ, ഇത്തരമൊരു അവകാശം മാനേജ്മെന്റുകൾക്ക് ലഭിക്കണം എന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ല.

നിയമനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍, ഉത്തരവുകള്‍ എന്നിങ്ങനെ, അടുത്ത നാളുകളിലായി പുറത്തുവരുന്ന മാധ്യമ വിലയിരുത്തലുകളില്‍ ഭൂരിഭാഗവും ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും മാത്രമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍, കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന നടപടികള്‍ ഒരു സര്‍ക്കാരിനും സ്വീകരിക്കാനാവില്ല എന്ന സാമാന്യ തത്വം മാത്രമാണ് ചില നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടാതിരിക്കാനുള്ള ഒരേയൊരു കാരണം.

ഒരുപക്ഷെ വരും കാലത്ത്, വിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍ ഇടപെടലുകള്‍ കൂടുതല്‍ ക്രിയത്മകമാവുകയും, വ്യക്തമായ നിലപാടുകള്‍ക്കനുസരിച്ച് നടപ്പുരീതികള്‍ക്ക് മാറ്റം വരികയും ചെയ്തേക്കാം. ആത്യന്തികമായി ജനനന്മയ്ക്ക് വേണ്ടിയുള്ള നല്ല തീരുമാനങ്ങളെ എല്ലാ ക്രൈസ്തവ സമൂഹങ്ങളും, വിശിഷ്യാ, കത്തോലിക്കാസഭയും പൂര്‍ണ്ണപിന്തുണയോടെ സ്വാഗതം ചെയ്യുകതന്നെ ചെയ്യും എന്ന് തീര്‍ച്ച. നടപ്പ് രീതികള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നടത്തിപ്പിനും തടസങ്ങള്‍ ഉണ്ടാകാത്ത വിധം വ്യക്തമായ നിയമ, ഭരണകൂട പിന്തുണകളും, ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ സംരക്ഷണവും ഇക്കാലത്ത് മാനേജ്മെന്റുകള്‍ പ്രതീക്ഷിക്കുന്നു. അത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ ചര്‍ച്ചകള്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും ഓഫീസുകളുടെയും അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുമായി ഉണ്ടാകാറുണ്ട്. അത്തരം ചര്‍ച്ചകളെയും മറ്റും തെറ്റായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ച് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്ന മാധ്യമ ഇടപെടലുകള്‍ പ്രോത്സാഹനകരങ്ങളല്ല.

മദ്യനയം എന്ന തുരുപ്പ് ശീട്ട്…

ഇടതുപക്ഷ സര്‍ക്കാരിന്റെ മദ്യനയങ്ങളില്‍ വരുന്ന മാറ്റങ്ങളാണ് പ്രസ്തുത മഞ്ഞപ്പത്രം തങ്ങളുടെ ദുരാരോപണങ്ങള്‍ക്ക് ആധാരമാക്കി മാറ്റിയിരിക്കുന്നത്. _അന്നും, ഇന്നും കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും, ക്രൈസ്തവ സമൂഹത്തിന്റെയും ഇത് സംബന്ധിച്ചുള്ള നിലപാടുകള്‍ക്ക് തെല്ലും മാറ്റം വന്നിട്ടില്ല എന്ന് അടിവരയിട്ട് ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. എക്കാലവും കേരള കത്തോലിക്കാ മെത്രാൻ സമിതിക്ക് ഇക്കാര്യത്തിൽ മാറ്റമില്ലാത്ത ഉറച്ച നയങ്ങളുണ്ട്._

അടുത്തകാലങ്ങളായി സാമൂഹികമായി വന്നുകൊണ്ടിരിക്കുന്ന ചില മാറ്റങ്ങള്‍ പ്രവര്‍ത്തനതലങ്ങളില്‍ സ്വാധീനിച്ചിട്ടുണ്ട് എന്ന വസ്തുതയെ തള്ളിപ്പറയുന്നില്ല. ഒരു ഉദാഹരണം ശ്രദ്ധിക്കുക: ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ, പെട്രോള്‍ ഡീസല്‍ വിലവര്‍ധനവ് മുന്‍പേജില്‍ തന്നെ പത്രവാര്‍ത്തകളില്‍ നിറഞ്ഞിരുന്നുവെങ്കില്‍, സമീപകാലത്ത് അത് ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കിടയില്‍ തന്നെ പെട്രോള്‍ വിലയില്‍ നാല് രൂപയിലേറെ വര്‍ദ്ധനവ് ഉണ്ടായിട്ടും അതിനെതിരെ പ്രതികരിക്കുവാന്‍ സാമൂഹിക പ്രവര്‍ത്തകരോ, സാമ്പത്തിക വിദഗ്ദരോ മുന്നോട്ട് വന്നു കാണുന്നില്ല. കാരണം, ഒരിടയ്ക്ക് പതിവിലുമേറെ വാര്‍ത്തകളില്‍ നിറഞ്ഞ ആ വിഷയം ആ ഘട്ടം കഴിഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ തന്നെ വാര്‍ത്തയാക്കാതെയാവുകയും പൊതുസമൂഹത്തെ അത് സ്വാധീനിക്കുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു.

മദ്യനയവും നിലപാടുകളുടെ മാറ്റവും സംബന്ധിച്ചുള്ള വിഷയത്തിലും ഈ പ്രതിഭാസം കാണാവുന്നതാണ്. അടുത്ത കുറെ കാലങ്ങളായി പത്രങ്ങളിലും ചാനലുകളിലും പ്രധാന വിഷയമായി മദ്യം നിറഞ്ഞുനിന്നിരുന്നു. ഘട്ടം ഘട്ടമായി നടപ്പാക്കപ്പെട്ട ഇത്തരമൊരു നയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെങ്കിലും ക്രമേണ പത്രങ്ങള്‍ക്ക് പോലും വാര്‍ത്തയല്ലാതായിട്ടുണ്ട്. ആനുപാതികമായി വിവിധ സമൂഹങ്ങളും ഇത്തരമൊരു വിഷയത്തെക്കുറിച്ച് ഒരു പരിധിക്കപ്പുറത്തെയ്ക്കുള്ള ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചകള്‍ ഉപേക്ഷിക്കുകയാണ് ഉണ്ടായത്.

ഇത്തരം കാര്യങ്ങളുടെ തുടര്‍ച്ചയെന്നോണം, ഈ മേഖലയില്‍ ഗൗരവപൂര്‍വ്വം ഇടപെട്ടിരുന്ന പ്രവര്‍ത്തകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നുകരുതി, ഈ പത്രം ഉന്നയിക്കുന്ന വിലകുറഞ്ഞ ആരോപണങ്ങള്‍ പോലെയല്ല യാഥാര്‍ത്ഥ്യം. വലിയ പ്രക്ഷോഭങ്ങള്‍ ഈ ചെറിയ ഇടവേളയിൽ സംഘടിപ്പിക്കപ്പെട്ടിട്ടില്ലായിരിക്കാം. എന്നാൽ, പ്രക്ഷോഭ പരിപാടികൾ ഉപേക്ഷിച്ചു എന്ന പ്രചരണത്തിൽ സാംഗത്യമില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരത്തും എറണാകുളത്തുമായി നാലോളം പ്രതിഷേധ പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കപ്പെട്ടുകഴിഞ്ഞു. ഇവരെപ്പോലുള്ള അസത്യവാദികളായ മാധ്യമപ്രവര്‍ത്തകര്‍ തന്നെ അത്തരം വാര്‍ത്തകള്‍ തമസ്കരിക്കുകയും, പിന്നീട് വാസ്തവവിരുദ്ധമായി സംസാരിക്കുകയുമാണ് ചെയ്തുവരുന്നത്.

കത്തോലിക്കാ മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ മൂന്ന് തലങ്ങളിലാണ് എക്കാലവും പ്രവര്‍ത്തിച്ചുവരുന്നത്. ഒന്നാമതായി, പ്രായോഗികമായി മദ്യലഭ്യതയുടെ കാര്യത്തിലുള്ള ഇടപെടലുകള്‍. രണ്ട്, മദ്യഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്ന ഇടപെടലുകള്‍. അവസാനത്തേത്, മദ്യം മൂലമുണ്ടാകുന്ന ദോഷഫലങ്ങളെ ലഘൂകരിക്കുവാനും പരിഹരിക്കാനുമുള്ള ഇടപെടലുകള്‍. ഇക്കാലങ്ങള്‍ക്കിടയില്‍ മാറിവന്ന സാമൂഹിക/ രാഷ്ട്രീയ സാഹചര്യങ്ങള്‍ ആദ്യ തലത്തിലുള്ള ഇടപെടലുകളെ മുമ്പ് പറഞ്ഞതുപോലെ സ്വാധീനിച്ചിട്ടുണ്ട് എന്ന് സമ്മതിക്കുന്നു. എങ്കിലും കഴിയും വിധം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുക എന്നതില്‍ കവിഞ്ഞ്, യാതൊരുവിധ പുനര്‍വിചിന്തനങ്ങളും ഇന്നോളമില്ല. _മറിച്ചെന്തെങ്കിലും രഹസ്യധാരണകള്‍ ഉണ്ട് എന്ന് തെളിയിക്കുവാനും, അങ്ങനെ കഴിയുമെങ്കില്‍ തങ്ങളുടെ വാക്കുകളുടെ വിശ്വാസ്യത പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാനും, വാക്കുകള്‍ വളച്ചൊടിച്ച് വിദ്വേഷം വിളമ്പുന്ന പ്രസ്തുത പത്രത്തെ വെല്ലുവിളിക്കുന്നു._

രണ്ടാമത്തെയും മൂന്നാമത്തെയും തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍വ്വാധികം ഏറ്റവും മുന്നേറുവാന്‍ ഇക്കാലങ്ങള്‍ക്കിടയില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനേകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മദ്യവര്‍ജ്ജനം എന്ന ലക്‌ഷ്യം മുന്നില്‍ കണ്ടുകൊണ്ട്‌, വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പദ്ധതികള്‍ ഒരുങ്ങിക്കഴിഞ്ഞു. കേരള സമൂഹത്തില്‍ മദ്യം വരുത്തിവയ്ക്കുന്ന വിപത്തുകള്‍ക്കും, മദ്യത്തിന്റെ ഭീകരമായ ദുസ്വാധീനത്തിനുമെതിരെയുള്ള സന്ധിയില്ലാസമരത്തില്‍നിന്ന് കത്തോലിക്കാസഭയോ, മെത്രാൻ സമിതിയോ പിന്‍വാങ്ങുകയില്ല എന്ന് നിശ്ചയം.

പക്ഷെ, ഇത്തരം കള്ളനാണയങ്ങള്‍ അവരുടെ മാത്രമായ ഗൂഡലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട്‌ മാധ്യമരംഗത്തെയും ഈ സാമൂഹിക വ്യവസ്ഥിതിയെയും തന്നെ മലിനമാക്കുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത് നാം ഇനിമേല്‍ കണ്ടില്ലെന്ന് നടിച്ചുകൂടാ. ഇക്കാലങ്ങളില്‍ നമുക്കിടയില്‍ ഉയര്‍ന്നുവരുന്ന വര്‍ഗ്ഗീയ ചേരിതിരിവുകള്‍ക്കും, സാമൂഹിക ദ്രുവീകരണത്തിനും അതുവഴിയായുള്ള അനവധി തിന്മകള്‍ക്കും കാരണമാകുന്നത് ഇത്തരം വ്യാജവാര്‍ത്തകളും, അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ധാര്‍മ്മികനിലവാരമില്ലാത്ത കൂലിയെഴുത്തുകാരുമാണെന്ന് തിരിച്ചറിഞ്ഞ് പ്രതിരോധിക്കുവാനും, ജാഗ്രത പുലര്‍ത്തുവാനും നമുക്ക് കഴിയണം.

the Vigilant Catholic