കുമാരസംഭവം

0

“ബാലരാമപുരം ക്രിസ്റ്റ്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഇപ്പോൾ നടന്ന വാശിയേറിയ കരോൾ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് കൊടങ്ങാവിള സെന്റ് ജോർജ്ജ് MSC ചർച്ച് ഗായകസംഘമാണ്! വിജയികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!”

ഏറെ നേരമായി കാത്തിരുന്ന ആ അറിയിപ്പ് മൈക്രോഫോണിലൂടെ വന്നതും ആലുവിള CSI ചർച്ച് ഹാളിനുള്ളിൽ നിലയ്ക്കാത്ത കരഘോഷമുയർന്നു. ചിലയിടങ്ങളിൽ ആളുകൾ എഴുനേറ്റു നിന്നു. ഹാളിന്റെ മറ്റൊരിടത്ത് ഒരു കൂട്ടം ചെറുപ്പക്കാർ ചാടിയെഴുനേറ്റ് നൃത്തം ചവിട്ടാൻ തുടങ്ങി. ആഹ്ളാദ പ്രകടനമാണ്. തീർച്ചയായും അത് വിജയിച്ച ടീമിലെ അംഗങ്ങൾ തന്നെയാവണം!

അവർക്കു സന്തോഷിക്കാതിരിക്കാൻ കഴിയില്ല. കാരണം, അത്ര ചെറിയൊരു മത്സരമായിരുന്നില്ല അത്. ബാലരാമപുരത്തെ സംയുക്ത ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി, എല്ലാ ക്രിസ്തീയ സഭാ വിഭാഗങ്ങളിൽ നിന്നുമുള്ള നിരവധി ഗായക സംഘങ്ങൾ വീറോടെ പങ്കെടുത്ത ഒരു കലാവിരുന്നായിരുന്നു അത്. മാത്രമല്ല ബാലരാമപുരത്ത് അത് ആദ്യത്തെ സംഭവവുമായിരുന്നു.

എന്നാൽ ആ വിജയാഹ്ളാദത്തിൽ പങ്കെടുക്കാതെ ഒരാൾ ആ ആൾക്കൂട്ടത്തിൽ ശാന്തനായിരിപ്പുണ്ടായിരുന്നു. തന്റെയൊപ്പം വന്ന കൂട്ടുകാർ ചുറ്റിനും ആനന്ദനൃത്തം ചവിട്ടുമ്പോഴും എല്ലാമറിഞ്ഞിട്ടും അറിയാത്തവനെപ്പോലെ അയാൾ മൗനിയായിരുന്നു.

കുമാർ എന്നായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്. ഒരേയൊരു സംഗീതോപകരണം മാത്രം അനുവദിക്കപ്പെട്ടിരുന്ന ആ മത്സരത്തിൽ അയാളായിരുന്നു ഒന്നാമതെത്തിയ ടീമിനു വേണ്ടി കീബോർഡ് വായിച്ചത്. അവർ പാടിക്കൊണ്ടിരുന്നപ്പോൾത്തന്നെ ആസ്വാദകർ അവർക്കൊരു സമ്മാനമുറപ്പിച്ചിരുന്നു. അത്ര മനോഹരമായിരുന്നു അവരുടെ പാട്ടും അയാളുടെ പശ്ചാത്തല സംഗീതവും. പരിചയ സമ്പന്നനായ ഒരു സംഗീതജ്ഞന്റെ അപാരമായ ആത്മവിശ്വാസത്തോടെ, വളരെ പ്രയാസമുള്ള ഒരു നോട്ടാണ് അന്നയാൾ വായിച്ചത്. അയാൾക്കു മുന്നിൽ മ്യൂസിക് നൊട്ടേഷൻസ് കുറിച്ചിട്ടിരുന്നില്ല. മറ്റാരും സഹായിക്കാനുമുണ്ടായിരുന്നില്ല. ഓർമ്മയുടെ തന്ത്രികളിൽ നിന്നുതിർന്ന സംഗീതത്തിനൊപ്പം കീബോർഡിന്റെ കറുപ്പും വെളുപ്പും കട്ടകളിൽ അയാളുടെ മാന്ത്രിക വിരലുകൾ നൃത്തം ചെയ്തു. ശാന്തമായ പുഴയിൽ കളിവള്ളം തുഴഞ്ഞു പോകുന്ന ഒരു കുട്ടിയുടെ ലാഘവത്തോടും ആനന്ദത്തോടും കൂടി അയാളാ സംഗീത സാഗരത്തിൽ സ്വയമലിഞ്ഞു ചേർന്നു. ശ്വാസം വിടാൻ പോലും മറന്നുപോയ ആസ്വാദകർ അപ്പോഴേക്കും ആ മാസ്മര സംഗീതത്തിന്റെ അടിമകളായി മാറിക്കഴിഞ്ഞിരുന്നു.

എന്നിട്ടുമെന്താണ് ഈ വിജയത്തിൽ അയാൾക്കു മാത്രം സന്തോഷമില്ലാത്ത പോലെ?

ആരവങ്ങളൊടുങ്ങി. ആഹ്ളാദ പ്രകടനങ്ങൾ മെല്ലെ അവസാനിച്ചു. സമ്മാനങ്ങൾ നൽകപ്പെടുന്നത് മറ്റൊരു ദിവസമായതുകൊണ്ട് സംഘാടകരിലൊരാൾ കൃതജ്ഞത പറയുന്നതിനിടയിൽ ആളുകൾ പിരിഞ്ഞു പോകാൻ തുടങ്ങി. അപ്പോഴാണ് കുമാറിനെ കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞത്. കൂട്ടുകാരുടെ കരം പിടിച്ചാണ് കുമാർ പോകാനെഴുന്നേറ്റത്. മുന്നോട്ടു നടന്ന് വാഹനത്തിനടുത്ത് എത്തും വരെയും കൂട്ടുകാർ കുമാറിന്റെ കരംഗ്രഹിച്ചിരുന്നു. വാഹനത്തിൽ കയറിയിരുന്ന് കുമാർ തിരിഞ്ഞു നോക്കുമ്പോഴാണ് ഒരു ഞെട്ടലോടെ ഞാനാ സത്യം തിരിച്ചറിഞ്ഞത്!

കുമാറിന്റെ മിഴികൾക്ക് വെളിച്ചം അന്യമാണ്. അയാൾ ആരെയും കാണുന്നുണ്ടായിരുന്നില്ല. ചുറ്റും മുഴങ്ങുന്ന ശബ്ദഘോഷങ്ങളിൽ നിന്ന് സ്വയം രൂപപ്പെടുത്തിയ ഒരു ലോകത്തായിരുന്നു അയാൾ! കെട്ടുപോയ ഒരു മിഴിവിളക്കിന്റെ കൂരിരുട്ടിൽ നിന്നു കൊണ്ടാണ് അയാളാ സംഗീതത്തിന്റെ വർണ്ണക്കാഴ്ചയൊരുക്കിയതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി. ഹൃദയം വല്ലാതെ പിടയുന്ന പോലെ! ഞാൻ മാത്രമല്ല, കുമാറിന്റെ പരിമിതികളെക്കുറിച്ചറിഞ്ഞ അനേകർ എനിക്കൊപ്പം അന്നാ ദേവാലയത്തിന്റെ പടികളിറങ്ങിപ്പോയത് വല്ലാതെ കലങ്ങിയ ഹൃദയത്തോടെയാണ്.

അത്ര അസാധാരണമായ ജീവിത കഥയൊന്നുമല്ല കുമാറിന്റേത്. പക്ഷെ അത് അതിജീവനത്തിന്റെ ഒരു കഥയാണ്. ശ്രദ്ധിക്കാൻ ഒന്നുമില്ല എന്നു തോന്നാമെങ്കിലും കൺമുന്നിൽ നിവർത്തി വച്ച ഒരു പാഠപുസ്തകം പോലെ പരന്നു കിടക്കുന്ന ആ ജീവിത വരികൾക്കിടയിൽ ഒരു വെളിച്ചം മറഞ്ഞു കിടപ്പുണ്ട്.

പാറശ്ശാലയ്ക്കടുത്തുള്ള അമ്പിലികോണം എന്ന സ്ഥലത്താണ് കുമാർ ജനിച്ചു വളർന്നത്. ജന്മനാ കാഴ്ച നഷ്ടപ്പെട്ട കുമാറിന്റെ മിഴികൾക്ക് വെളിച്ചം പകരാൻ മാതാപിതാക്കൾ അവരാൽ കഴിയുന്ന ചികിത്സകളൊക്കെ നടത്തി. പക്ഷെ ഒന്നും ഫലം കണ്ടില്ല.

മിഴികളിലല്ല ഹൃദയത്തിലാണ് കൂടുതൽ വെളിച്ചം വേണ്ടതെന്ന തിരിച്ചറിവിൽ ജീവിതത്തോടു പൊരുതാൻ തന്നെ കുമാർ തീരുമാനിച്ചു. കൂട്ടുകാർക്കൊപ്പം സ്കൂളിൽ പോയി. നിരന്തര പരിശ്രമത്തിനൊടുവിൽ പ്ലസ് ടൂ പാസായി. അഞ്ചാം വയസ്സിൽ തുടങ്ങിയ സംഗീത പഠനം ബ്രെയിൽ ലിപിയുടെ സഹായത്തോടെ മുന്നോട്ടു കൊണ്ടുപോയി. തിരുവനന്തപുരത്ത് സംഗീത കോളേജിൽ ചേർന്ന് ബിരുദം സമ്പാദിച്ചു. വീടിനു തൊട്ടടുത്തുള്ള സിംഫണി സംഗീത വിദ്യാലയത്തിലും അഭ്യസനം നേടി. ഇപ്പോഴും സംഗീതം പഠിക്കുന്നു, പഠിപ്പിക്കുന്നു, പ്രോഗ്രാമുകൾ ചെയ്യുന്നു. സ്വന്തം കാലിൽ ഉറച്ചു നിൽക്കുന്നു.

കുമാറിന്റെ നിശ്ചയദാർഢ്യത്തിനും ഇച്ഛാശക്തിക്കും മുന്നിൽ തോറ്റു പോയത് അയാളുടെ പരിമിതികൾ തന്നെയായിരുന്നു. മിഴികളിൽ വെളിച്ചമുള്ളവർ പോലും നോട്ടക്കുറവു കൊണ്ട് കാലിടറി വീഴുന്ന ജീവിത സമരങ്ങളുടെ ഇന്നത്തെ ലോകത്ത് കുമാർ സംവേദനം ചെയ്യുന്ന ഊർജ്ജം ഒട്ടും ചെറുതല്ല.

കുമാറിന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ചെറുതായിരുന്നില്ല. ഓരോ ചെറിയ വിജയം നേടുമ്പോഴും കൂടുതൽ വലിയവ ആഗ്രഹിക്കാനും അതിനു വേണ്ടി കഠിനാധ്വാനം ചെയ്യാനുമുള്ള ഒരു തളരാത്ത മനസ്സായിരുന്നു കുമാറിന്റെ വഴിവെളിച്ചം! അല്ലെങ്കിൽത്തന്നെ ബിഥോവന്റെ സിംഫണികളും ഹെലൻ കെല്ലറിന്റെ ജീവിതവുമൊക്കെ പൂത്തുലഞ്ഞ ഈ മണ്ണിൽ ആർക്കാണു തോൽക്കാൻ കഴിയുക!

ഒരിക്കൽ കുമാറിനെ സ്കൂളിലേക്കു ക്ഷണിക്കണം. കുട്ടികളുടെ മുന്നിൽ നിർത്തി അവരോടു സംസാരിക്കാൻ പറയണം. അതിനക്കാൾ വലിയൊരു മോട്ടിവേഷണൽ ക്ലാസ് മറ്റെന്താണുള്ളത്! അറിവിൽ നിന്നുള്ള ആയിരം വിശദീകരണങ്ങൾക്കു സമമല്ലേ അനുഭവത്തിൽ നിന്നുള്ള ഒരുത്തരം!

ഒരാഴ്ച മുമ്പ് കുമാറിനെ വീണ്ടും കണ്ടു. അമരവിള ചെക്ക്പോസ്റ്റിനടുത്തുള്ള ചായിക്കോട്ടുകോണം ദേവാലയത്തിൽ തിരുനാളിനോടനുബന്ധിച്ച് ബലിയർപ്പിക്കുമ്പോൾ അരികിൽ ഒരു കീബോർഡിനു പിന്നിൽ കുമാറുമുണ്ടായിരുന്നു; അഭൗമമായ സംഗീതമുതിർക്കാൻ ദൈവം നിയോഗിച്ച ഒരു സ്വർഗ്ഗകുമാരനെപ്പോലെ!

കുമാർ 9446962483

കടപ്പാട്
Fr. Sheen Palakkuzhi