ജീവിതത്തെ ശരിയായ ദിശയിൽ ക്രമപ്പെടുത്തുവാൻ വിശുദ്ധ കുമ്പസാരം എന്നെ ഏറെ സഹായിച്ചിട്ടുണ്ടു്.

0

നൻമ തിൻമകളെ തിരിച്ചറിയാൻ തക്കവിധം പ്രായമായ കാലം മുതൽ കുമ്പസാരിക്കുന്ന ഒരാളാണ് ഞാൻ. കുമ്പസാരത്തിന്റെ മഹത്വം ജീവിതത്തിൽ ആവോളം അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. ദൈവം മനുഷ്യർക്ക് നൽകിയ വിശുദ്ധ കൂദാശയാണ് കുമ്പസാരം. ” നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെടും. നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിക്കപ്പെടും” എന്ന് ക്രിസ്തു ശ്ലീഹൻമാരോട് അരുൾ ചെയ്യ്തതിന്റെ സാക്ഷാത്ക്കാരമായിട്ടാണ് വൈദീകന്റെ മുൻപാകെ പാപങ്ങൾ ഏറ്റു പറയുന്നത്. പാപം മൂലം വിശ്ചേദിക്കപ്പെട്ട ദൈവ-മനുഷ്യ ബന്ധം പുന:സ്ഥാപിക്കുന്നതിനും നഷ്ടപ്പെട്ട വരപ്രസാദം വീണ്ടെടുക്കുന്നതിനും വി.കുമ്പസാരത്തിലൂടെ സാധിക്കുന്നു. ഏറെ ഒരുക്കത്തോടു കൂടി മാത്രമേ നല്ലൊരു കുമ്പസാരം നടത്താൻ കഴിയൂ. ചില സിനിമകളിൽ വികലമായി ചിത്രീകരിക്കപ്പെടുന്ന കുമ്പസാര ദൃശ്യങ്ങൾ കാണുന്ന പ്രേക്ഷകരിൽ പലരും ഇതാണ് ശരിക്കുമുള്ള കുമ്പസാരമെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഒരുക്കത്തോടെ യുള്ള കുമ്പസാരം ഒരുവനിൽ സൃഷ്ടിക്കുന്ന മാറ്റം വളരെ വലുതാണ്. പാപഭാരത്താലും കുറ്റബോധത്താലും വീർപ്പ് മുട്ടി കഴിഞ്ഞിരുന്ന നാളുകളിൽ എനിക്ക് ആശ്വാസമായത് വിശുദ്ധ കുമ്പസാരമാണ്. ഒരു വലിയ ഭാരം ഇറക്കി വച്ച്, ഒരു കൊച്ചു കുഞ്ഞിനപ്പോലെ നൈർമല്യമുള്ള മനസ്സുമായി എഴുന്നേറ്റ് പോയ എനിക്ക് കുമ്പസാരത്തിലൂടെ ലഭിച്ച മന:ശാന്തി പറഞ്ഞറിയിക്കുവാനാകില്ല. ജീവിതത്തെ ശരിയായ ദിശയിൽ ക്രമപ്പെടുത്തുവാൻ വിശുദ്ധ കുമ്പസാരം എന്നെ ഏറെ സഹായിച്ചിട്ടുണ്ടു്. പാപത്തിനെതിരായ ഒരു പ്രതിജ്ഞ കൂടിയാണ് കുമ്പസാരം. പാപഭാരത്താൽ വേട്ടയാടപ്പെട്ട് ജീവിതത്തോട് തന്നെ വിരക്തി തോന്നിയ ഒരു ചെറുപ്പക്കാരൻ വിശുദ്ധ കുമ്പസാരത്തിലൂടെ ജീവിതത്തിന്റെ സന്തോഷങ്ങളിലേക്ക് മടങ്ങിയെത്തിയ ജീവിതാനുഭവം കുറച്ച് നാൾ മുൻപ് എന്നോട് പങ്ക് വച്ചത് ഇത്തരുണത്തിൽ സ്മരിക്കുന്നു. കുമ്പസാരത്തിന്റെ മഹത്വവും വിശുദ്ധിയും ആരുമായും തർക്കിച്ച് സ്ഥാപിച്ചെടുക്കേണ്ട ഒന്നല്ല. മറിച്ച് അത് അനു ഭവിച്ചറിയേണ്ട സൗഭാഗ്യമാണ്.