വി.കുമ്പസാരം കൂദാശയിൽ ഞാൻ വിശ്വസിക്കുന്നു. ഇനിയും ഞാൻ കുമ്പസാരിക്കും ആർക്കും അത് ചോദ്യം ചെയ്യാൻ ആവില്ല……

0

ഞാൻ കത്തോലിക്കാസഭയിൽ അംഗമായതിൽ ഞാൻ അഭിമാനിക്കുന്നു. കാരണം, സ്ഥാപിക്കപ്പെട്ടിട്ട് 2000 വർഷങ്ങൾ കഴിഞ്ഞിട്ടും ഇത്ര സജീവതയോടെ ഒരു തലവന്റെ കീഴിൽ നിലനിൽക്കുന്ന വേറെ ഏതു കൂട്ടായ്മയാണ് മനുഷ്യരാശിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളത്. നിരവിധി അനവധി വെല്ലുവിളികളും പീഡനങ്ങളും ഈ വർഷങ്ങളിൽ സഭ അനുഭവിച്ചു പക്ഷെ, ഇന്നും ജീവിക്കുന്ന പരിശുദ്ധാത്മാവിലൂടെ നയിക്കപ്പെടുന്നു.

ഇനി കുമ്പസാരത്തിലേക്കു കടക്കാം എനിക്ക് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമാണ് വി.കുമ്പസാരം എന്നകൂദാശ.

എന്റെ പതിനോന്നാമത്തെ വയസ്സിലാണ് ഞാൻ ആദ്യമായി കുമ്പസാരിക്കുന്നതും എന്റെ ഈശോയെ ആഘോഷമായി സ്വീകരിക്കുന്നതും. ആ 11 വയസുകാരൻ അന്ന് അനുഭവിച്ച ഒരു സന്തോഷവും ആനന്ദവും ആർക്കും പറഞ്ഞറിയിക്കാൻ സാധികാത്ത ഒന്നായിരുന്നു. കാരണം, അത്രത്തോളം കൊതിച്ചിരുന്നു ഒന്ന് കുമ്പസാരിച്ചു ഈശോയെ സ്വീകരിക്കാൻ… ഈ കൂദാശയെ ശരിക്കും അനുഭവിച്ചിട്ടുള്ളവർക്കു മനസിലാകും കുമ്പസാരക്കൂടിന്റെ മഹത്വം.

ഞാൻ ദൃഢമായി വിശ്വസിക്കുന്നു, കുമ്പസാരക്കൂട്ടിൽ ഇരിക്കുന്ന വ്യക്തി മനുഷ്യനായ വൈദികനല്ല, പിന്നെയോ ക്രിസ്തുവിന്റെ പ്രതിപുരുഷനായ വൈദികനാണ്. അത് ക്രിസ്തു തന്നെയാണ്. എന്റെ ഈശോയോടു ഞാൻ നടത്തുന്ന എന്റെ സ്വകാര്യ സംഭാഷണമാണ് കുമ്പസാരം. പരിശുദ്ധാത്മ നിവേശനത്താൽ ക്രിസ്തുവിന്റെ പ്രതിപുരുഷനായി വൈദികൻ എന്നോട് സംസാരിക്കുന്നു. ഇത് എന്റെ വിശ്വാസമാണ്. ഈ വിശ്വാസത്തെ ഗ്രഹിക്കാൻ മനസിലാക്കാൻ മാനുഷികബുദ്ധിയ്ക്കു സാധ്യമല്ല. അതുകൊണ്ടാണ്, പൊട്ടൻ ആട്ടം കാണുന്നതുപോലെ, കുറെയെണ്ണം ഈ കൂദാശയുടെ പവിത്രതയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നത്. പക്ഷെ, അത് വെറും പകൽക്കിനാവ് മാത്രമാണ്. കാരണം, എന്നെ പോലെ അനേകായിരം, കോടിക്കണക്കിനു വിശ്വാസികൾ അനുദിനം കുമ്പസാര കൂട് തേടി വരുന്നു… ഇനിയും വരും.. കാരണം, ഇത് എന്റെ കാരുണ്യനിധിയായ ദൈവത്തെ നേരിട്ട് കണ്ടുമുട്ടുന്ന, സംസാരിക്കുന്ന അനുഭവമാണ്.

മനുഷ്യബുദ്ധിക്കും ഇന്നും കീഴടക്കാൻ സാധിക്കാത്ത അനേക കാര്യങ്ങൾ ലോകത്തിലുണ്ട്. അപ്രകാരമുള്ളതാണ് കത്തോലിക്കാസഭയും കൂദാശകളും. കാരണം, ഇത് ദൈവത്തിന്റേതാണ്…. ത്രിയേകദൈവമാണ് ഇന്നും ഇതിനെ നയിക്കുന്നത്.

 

“വി.കുമ്പസാരം കൂദാശയിൽ ഞാൻ വിശ്വസിക്കുന്നു.

ഇനിയും ഞാൻ കുമ്പസാരിക്കും,

ആർക്കും അത് ചോദ്യം ചെയ്യാൻ ആവില്ല..”

 

✍🏻 *നൈജോ ആന്റോ*

*മുൻ കെ സി വൈ എം സംസ്ഥാന ട്രഷറർ*