വൈദികൻ ഒരേ സമയം സഭയുടെ അഥവാ ദൈവജനത്തിന്റെ പ്രതിനിധിയും യേശുവിൻറെ പ്രതിനിധിയുംമാണ്. : റൂബൻസൺ മുഖത്തല

0

*വിശുദ്ധ കുമ്പസാരം ബൈബിൾ അടിസ്ഥാനത്തിൽ*

കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനങ്ങളിൽ കുമ്പസാരം എന്ന കൂദാശ പാപസങ്കീർത്തനം, പാപ പ്രായശ്ചിത്തം, അനുരഞ്ജനം എന്നൊക്കെയാണ് അറിയപ്പെടുന്നത്.

 

പാപത്താൽ വ്രണിതമായ ആത്മാവിന് സൗഖ്യവും ദൈവ പ്രസാദവും തിരികെ കൊടുക്കുകയാണ് ഈ കൂദാശയുടെ ലക്ഷ്യം. ഭൂമിയിൽ പാപമോചനം നൽകുവാനുള്ള അധികാരം പുരോഹിതന്മാർക്ക് യേശു വഴി ദൈവം നൽകിയിട്ടുണ്ടെന്ന് പഠിപ്പിക്കുന്ന കത്തോലിക്കാസഭ   കുമ്പസാരത്തിൽ പാപമോചനം നൽകുന്നത് യേശുവിന്റെ നാമത്തിലാണ്. മനുഷ്യരുടെ പാപങ്ങൾ “ബന്ധിക്കാനും മോചിക്കാനുമുള്ള  അധികാരം ശിഷ്യന്മാർക്ക് യേശു നൽകുന്നതായി പറയുന്ന വി.യോഹന്നാന്റെ സുവിശേഷത്തിലെ വാക്യങ്ങളാണ് { യോഹ 20:22-23} ഈ കൂദാശയെ പിന്തുണയ്ക്കുന്ന മുഖ്യ ബൈബിൾ വചനമായി പ്രൊട്ടസ്റ്റൻറ് കലാപത്തെ തുടർന്ന് നടന്ന   ത്രെന്തോസിലെ സുനഹദോസിൽ കത്തോലിക്കാസഭ മുന്നോട്ടുവച്ചത്. മത്തായിയുടെ സുവിശേഷത്തിലും{ മത്താ 9:28,16:17-20}  വി.പൗലോസ് അപ്പസ്തോലൻ കൊറിന്ത്യർക്കെഴുതിയ ആദ്യ ലേഖനത്തിലും{1കോറി 11:27} ഈ അനുഷ്ഠാനത്തെ പിന്തുണയ്ക്കുന്ന പ്രസ്താവനകൾ ഉള്ളതായി വാദമുണ്ട്.

 

പുരോഹിതനും മാത്രം കേൾക്കേ പാപങ്ങൾ ഏറ്റു പറയുന്ന കുമ്പസാരമാണ് കത്തോലിക്കാസഭയിൽ നിലവിൽ ഉള്ളത്. ഇതിനെ ചെവിക്കുമ്പസാരം എന്നും വിളിക്കാറുണ്ട്. സഭയിൽനിന്ന് കുമ്പസാരിക്കുന്ന ആളുടെ മേൽ, അധികാരം കയ്യേൽ കുന്ന പുരോഹിതൻ ക്രിസ്തുവിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നുവെന്നാണ് കത്തോലിക്കാ ദൈവശാസ്ത്രത്തിന് നിലപാട്. കുമ്പസാരിക്കുന്നയാൾ ദൈവസന്നിധിയിൽ പാപാവസ്ഥയെ ഏറ്റു   പറയുന്നതിനോടൊപ്പം തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് സകല വിശുദ്ധരോടും പുരോഹിതനോട് യാചിക്കുന്നു.

 

ദൈവപുത്രനായ യേശുക്രിസ്തു തൻറെ പരസ്യജീവിതകാലത്ത് പാപികളായ പലർക്കും പാപമോചനം നല്കിയതായി വിശുദ്ധ ഗ്രന്ഥത്തിൽ നാം വായിക്കുന്നു. യേശു പാപമോചന അധികാരം അപ്പസ്തോലൻമാർക്കു നൽകി, അഥവാ സഭയ്ക്ക് നൽകി. യേശു പത്രോസിനോട് പറഞ്ഞു  “നീ പത്രോസാണ് ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും നഗരകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വർഗ്ഗ രാജ്യത്തിൻറെ താക്കോലുകൾ നിനക്കു ഞാൻ തരും. നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയിൽ  കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും{ മത്തായി 16:18-19} പിന്നീട് ഒരിക്കൽ യേശു ശിഷ്യന്മാരോട് പറഞ്ഞു നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും {മത്തായി 18: 18} ഇപ്രകാരം കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം യേശു ശിഷ്യന്മാർക്ക് നൽകി. ഉയർത്തെഴുന്നേറ്റശേഷം യേശു ശിഷ്യന്മാരുടെ മേൽ ഊതി പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് പറഞ്ഞു “നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും”.{ യോഹ 20:23} ഇപ്രകാരം യേശു അപ്പസ്തലന്മാർക്കു കൊടുത്ത പാപമോചന അധികാരം അപ്പസ്തലന്മാരുടെ പിൻഗാമികളായ മെത്രാൻമാരിലുടെയും വൈദികരിലൂടെയും തുടർന്നും യേശുവിൻറെ രക്ഷാകരദൗത്യം തുടരുവാനായി യേശു പരിശുദ്ധാത്മാവിലൂടെ സ്ഥാപിച്ച സംവിധാനമാണ് സഭ. അതിനാൽ യേശുവിന്റെ പാപമോചന അധികാരം സഭയ്ക്കാണ് നൽകപ്പെട്ടിരിക്കുന്നത്. സഭയിലൂടെ ഈ അധികാരം മെത്രാന്മാർക്കും അതിലൂടെ പുരോഹിതരിലേയ്ക്കും ലഭിച്ചിരിക്കുന്നു.

 

വൈദികൻ ഒരേ സമയം സഭയുടെ അഥവാ ദൈവജനത്തിന്റെ പ്രതിനിധിയും യേശുവിൻറെ പ്രതിനിധിയുംമാണ്. ഒരാൾ വൈദികനോട് പാപം ഏറ്റു പറയുമ്പോൾ യേശുവിൻറെ പ്രതിനിധി എന്ന നിലയിൽ യേശുവിനോടും സഭയുടെ പ്രതിനിധി എന്ന നിലയിൽ സഭാ സമൂഹത്തോടുമാണ് പാപം ഏറ്റു പറയുന്നത്. വൈദികൻ പാപമോചനം നൽകുമ്പോൾ യേശുവാണ് പാപമോചനം നൽകുന്നത്. അതുപോലെ സഭാസമൂഹം പാപിയായ വ്യക്തിയോട് ക്ഷമിച്ച് അവനെ സഭാ            സമൂഹത്തോട് കൂട്ടിച്ചേർക്കുന്നു. ഇപ്രകരം സഭാശരീരവുമായി ബന്ധപ്പെട്ടാണ് ഏറ്റുപറച്ചിൽ നടക്കുന്നതും പാപങ്ങൾ മോചിക്കുന്നതും

 

മനുഷ്യന് ദൈവം നൽകിയ സ്വാതന്ത്ര്യം ദുരുപയോഗിച്ച് തിന്മയുടെ വഴി തെരഞ്ഞെടുക്കുന്നതാണ് പാപം. ബലഹീനമായ മനുഷ്യപ്രകൃതിയുടെ ഭാഗമാണ് പാപം. മനുഷ്യൻ എല്ലാവരും പാപികളാണെന്നും  പാപി തന്റെ തെറ്റിനെക്കുറിച്ച് അനുതപിക്കുമ്പോൾ ദൈവം മോചനം നൽകും എന്നതും എല്ലാ മതങ്ങളുടെയും അടിസ്ഥാന ചിന്തയാണ്.

 

സ്നേഹത്തിൻന്റെ നിരസതമാണ് പാപം. ദൈവ സ്നേഹത്തെയും സഹോദര സ്നേഹത്തെയും ബന്ധപ്പെടുത്തിയാണ് പാപത്തെക്കുറിച്ച് സഭ മനസ്സിലാക്കുന്നത്. ഒരു വ്യക്തി തിന്മ ചെയ്തു അഥവാ പാപം ചെയ്തു എന്ന ഉറച്ച ബോധ്യം ആ വ്യക്തിയിൽ ദുഃഖവും വേദനയും ഉളവാക്കും, അപ്രകാരം ദൈവ സ്നേഹത്തിനെതിരായും സഹോദര സ്നേഹത്തിനെതിരെയും തെറ്റു ചെയ്തു എന്ന ആഴമായ ബോധ്യത്തിൽ നിന്നുണ്ടാകുന്ന ദുഃഖവും വേദനയുമാണ് അനുതാപവും, പശ്ചാത്താപവും.

 

വിശുദ്ധ കുമ്പസാരം എന്ന ശ്രേഷ്ഠമായ ശുശ്രൂഷയെ നമ്മൾ ആഴത്തിൽ മനസ്സിലാക്കേണ്ടതും, ഇതിൻറെ വേദപുസ്തക അടിസ്ഥാനം മനസ്സിലാക്കേണ്ടതും അനിവാര്യമാണ്. പ്രത്യേകിച്ചും ചില നവീന ചിന്തകൾ വിശ്വാസത്തെയും അതിന്റെ ആധിക്കരികതയെയും വളരെ അധികം ചോദ്യം ചെയ്യുന്ന ഇത്തരം അവസ്ഥയിൽ

 

✍MCYM കൊല്ലം വൈദീകജില്ല പ്രസിഡന്റ്

റൂബൻസൺ മുഖത്തല