ടൊറന്റോ: ഉന്നത പഠനവും വലിയ ജോലി സാധ്യതകളും ഉപേക്ഷിച്ച്, നവംബർ 16ന് ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുന്ന കനേഡിയൻ മലയാളി. ഡീക്കൻ ജോബിൻ തോമസിന്റെ പൗരോഹിത്യ സ്വീകരണത്തിലൂടെ കനേഡിയൻ കത്തോലിക്കാ സഭയ്ക്ക് പ്രഥമ മലയാളി വൈദികനെ സമ്മാനിക്കുന്ന അഭിമാന നിറവിലാണ് നോർത്ത് അമേരിക്കയിലെ സീറോ മലങ്കര സഭ. കാനഡയിൽ ജനിച്ചു വളർന്ന തലമുറയിൽനിന്നുള്ള പ്രഥമ പൗരോഹിത്യ സ്വീകരണം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ്, സീറോ മലങ്കര സമൂഹം. നവംബർ 16 രാവിലെ 9.00നാണ് പൗരോഹിത്യ സ്വീകരണ തിരുക്കർമങ്ങൾ.

മിസിസാഗാ സെന്റ് ഫ്രാൻസിസ് സേവ്യർ ദൈവാലയത്തിൽ നോർത്ത് അമേരിക്കയിലെ സീറോ മലങ്കര രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. ഫിലിപ്പോസ് മാർ സ്‌തേഫാനോസ് കൈവെപ്പ് ശുശ്രൂഷയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. നോർത്ത് അമേരിക്കയിലെ സീറോ മലബാർ സഭയുടെ പ്രഥമ അധ്യക്ഷനും ഇപ്പോൾ പാറശാല രൂപതാ അധ്യക്ഷനുമായ ബിഷപ്പ് ഡോ. തോമസ് മാർ യൗസേബിയോസ്, ഗുഡ്ഗാവ് രൂപതാധ്യക്ഷൻ ഡോ. ജേക്കബ് മാർ ബർണബാസ് എന്നിവർക്കൊപ്പം നിരവധി വൈദികരും സഹകാർമികരാകും. നവംബർ 17 വൈകിട്ട് 3.00ന് സെന്റ് നോർബെട്ട് ദൈവാലയത്തിലാണ് പ്രഥമ ദിവ്യബലി അർപ്പണം.

തിരുവല്ല അതിരൂപത കാഞ്ഞിരപ്പറ സെന്റ് തോമസ് ഇടവകയിൽനിന്ന് ടൊറന്റോയിലേക്ക് കുടിയേറിയ ചമതയ്ക്കൽ ജോർജ് തോമസ് (ബാബുക്കുട്ടി)- സുസമ്മ ദമ്പതികളുടെ മകനാണ് ജോബിൻ. ആത്മീയ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതിൽ മാതാപിതാക്കളെ മാതൃകയാക്കിയ ജോബിനും സഹോദരി റോബിനും കുട്ടിക്കാലം മുതൽ ദൈവാലയവുമായി അടുത്തബന്ധമാണ് പുലർത്തുന്നത്. മദ്ബഹാ ശുശ്രൂഷയും സീറോ മലങ്കര യുവജന സംഘടനയായ എം.സി വൈ.എം പ്രവർത്തനങ്ങളിലും സജീവമായിരുന്ന ജോബിന്റെ ദൈവ വിളിയെ, അദ്ദേഹത്തിന്റെ കുടുംബവും പ്രോത്സാഹിപ്പിച്ചു.

ഇൻഫർമേഷൻ ടെക്‌നോളജി ബിരുദ പഠനത്തിന്റെ നാളുകളിലാണ് തന്നെക്കുറിച്ചുള്ള ദൈവഹിതം ജോബിൻ തിരിച്ചറിഞ്ഞത്. പഠനം പാതിവഴിയിൽ നിറുത്തി സെമിനാരിയിൽ ചേരാനും ജോബിൻ ആലോചിച്ചു. എന്നാൽ, സീറോ മലങ്കര മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് ബാവയുടെയും അന്നത്തെ എക്‌സാർക്കായിരുന്ന ബിഷപ്പ് ജോസഫ് മാർ തോമസിന്റെയും നിർദേശപ്രകാരം ബിരുദ പഠനം പൂർത്തിയാക്കിയശേഷമായിരുന്നു സെമിനാരി പ്രവേശനം.

ടോറോന്റോയിലെ ഒറേറ്ററി ഓഫ് ഫിലിപ്പ് നേരി സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ന്യൂയോർക്കിലെ സെന്റ് ജോസഫ് സെമിനാരിയിൽ ദൈവശാസ്ത്ര പ~നവും പൂർത്തിയാക്കി 2019 ഫെബ്രുവരി 24ന് ബിഷപ്പ് ഡോ. ഫിലിപ്പോസ് മാർ സ്‌തേഫാനോസിൽനിന്ന് ഡീക്കൻ പട്ടം സ്വീകരിച്ചു. തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ ദൈവാലയത്തിലായിരുന്നു ശെമ്മാശ ശുശ്രൂഷാ പരിശീലനം.

പ്രഥമ ഭാഷ മലയാളമല്ലെങ്കിലും മലയാള ഭാഷയിൽ ശുശ്രൂഷകൾ നടത്താൻ ഭാഷാ പഠിക്കുകയാണ് ഇപ്പോൾ ജോബിൻ. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തുന്നവരെ സ്വീകരിക്കാൻ മോൺ. ജിജി ഫിലിപ്പ്, ഫാ. എബ്രഹാം ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ ടൊറോന്റോ സെന്റ് മേരീസ് ഇടവക പ്രാർത്ഥനാപൂർവം ഒരുങ്ങുകയാണിപ്പോൾ.