ആമസോൺ അകലെയല്ല ഉള്ളിലാണ്…

0


അതൊരു വല്ലാത്ത വഴക്ക് പറച്ചിലായിരുന്നു. ആമസോണിലെ വിശ്വാസ സമൂഹത്തിനായി അർപ്പിച്ച ബലിയുടെ അവസാനഭാഗത്തതാണ് കത്തോലിക്കാ സഭ തലവൻ അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. കേൾവിക്കാരന്റെ ഹൃദയഭാഗത്തു തറച്ചു കയറും വിധം മൂർച്ചയേറിയ ചില്ലക്ഷരങ്ങൾ കൊണ്ടുള്ള തുറന്നു പറച്ചിലായത്കൊണ്ടാകണം അത് കേട്ടവരുടെയൊക്കെ ഉള്ളിൽ ബോധജ്ഞാനത്തിന്റെ ചുവന്ന കിരണങ്ങൾ ചോരത്തുള്ളികൾ പോലെ ചിതറി തെറിച്ചിരുന്നു.

ആമസോൺ സിനഡിന്റെ ഭാഗമായി നടന്ന പ്രാർത്ഥന ശുശ്രൂഷയ്ക്കിടെ അവർ നടത്തിയ തങ്ങളുടെ സംസകാരത്തിനു അനുരൂപമായതും ഭൂമിമാതാവിന്റെ പ്രതീകവത്കരണമായതും ആയ ചില ബിംബങ്ങളെ അന്ധവിശ്വാസത്തിന്റെയും ദൈവ ദൂഷണത്തിന്റെയും പ്രതിക്കൂട്ടിൽ നിർത്തി ചിലർ ഫ്രാൻസിസ് മാർപ്പായെ അടക്കം തിരുത്താൻ ആഗ്രഹിക്കുന്നു. വസിക്കുന്ന മണ്ണിനെ പുണർന്നു തൊഴുന്നതാണോ, ജീവിയ്ക്കാൻ ഇടം ഒരുക്കുന്ന ഭൂമിയെ അമ്മെ എന്ന് അഭിസംബോധന ചെയുന്നതാണോ ആ മനുഷ്യരുടെ അന്ധ വിശ്വാസം?

വത്തിക്കാനിലെ അൾത്താരയിൽ വച്ച് ആശീർവ്വദിച്ചത് പെരിയ അപരാധമെന്നും പറഞ്ഞു തീവ്രവിശ്വാസികൾ ആമസോൺ മനുഷ്യരുടെ ശില്പത്തെയെടുത്തു ടൈബർ നദിയിലേക്കെറിഞ്ഞത് ആമസോണിലെ മനുഷ്യരുടെ ഭൂമി പ്രണയത്തെയാണ്. അല്ത്താരയിൽ നിന്നും അതെടുത്തു ആറ്റിലേക്കെറിഞ്ഞവർക്കറിയാമോ അൾത്താരയിൽ ഇരിക്കുന്നൊരാൾ അന്ന് ഭൂമിയിൽ നടന്ന നാളുകളിൽ ചെയ്തു കൂട്ടിയ കാര്യങ്ങൾ?

വേശ്യയോട് കൂട്ട് കൂടിയതും കാശുകാരന്റെ വീട്ടിൽ പോയതും, കള്ളന് വേണ്ടി പറുദീസയുടെ പടി തുറന്നിട്ടതും കാനാൻകാരിയോട് കുശലം പറഞ്ഞതും ആർക്കും വേണ്ടാത്തവരെയാണ് എനിക്ക് വേണ്ടതെന്നു പറഞ്ഞതും, നീതിമാന്മാർക്ക് വേണ്ടിയല്ല, അത്ര ക്ളീൻ അല്ലാത്തവർക്ക് വേണ്ടിയാണ് ഞാൻ വന്നിരിക്കുന്നത് എന്നൊക്കെ പറഞ്ഞവനെ ഇരുത്തിയിട്ടിട്ടുള്ള അതെ അൾത്താരയിൽ നിന്നുമാണ് ആമസോണിന്റെ ആളുകളെയും അവരുടെ സംസ്കാരത്തെയും അവരെടുത്തു ആറ്റിലേക്കെറിഞ്ഞത്.

ഒടുവിൽ, പത്രോസിന്റെ പിൻഗാമിയായ ആ വലിയ മനുഷ്യർ ആ ജനതയോട് മാപ്പു പറഞ്ഞു. ആ വലിയ മനുഷ്യന് അവരുടെ മുന്നിൽ താഴ്ന്നു കൊടുക്കാൻ സാധിച്ചിട്ടും അത്ര വലുപ്പമൊന്നുമില്ല്ലാത്ത എന്നാൽ വല്യ പുള്ളികളെന്നു വെറുതെ ചിന്തിച്ചിരിക്കുന്നവർക്കു ഇപ്പോളും മാറി ചിന്തിക്കാൻ പറ്റുന്നില്ല. കാലമിങ്ങനെ ഗ്ലോബൽ ആയി എന്നൊക്കെ പറഞ്ഞിട്ടും ഉള്ളിന്റെ ഉള്ളിൽ അപ്രമാദിത്യങ്ങളുടെയും തൊട്ടു കൂടായ്മയുടെയും വർണ്ണവിവേചനത്തിന്റെയും തുരുമ്പെടുത്ത പൂർവ ഗറില്ലാ ആയുധങ്ങളും പേറി നടക്കുന്ന അദൃശ്യ ഒളിപ്പോരാളികൾ ഇന്നും ഏതൊക്കെയോ കാടിനകത്തിരുന്നു മറഞ്ഞിരുന്നു ആക്രമണം തുടരുന്നു.

യൂറോപ്പിന്റെ ആകാശത്ത് നിന്നും മഞ്ഞിങ്ങനെ ഭൂമിയിലേക്ക് പെയ്തിറങ്ങുന്ന ശൈത്യകാലത്തിൽ അപ്പവും കിടപ്പാടവും തേടി പക്ഷികളിങ്ങനെ പല ദിക്കിലേക്ക് പറന്നു പോകാറുണ്ട്. വിരുന്നുകാരെ പോലെ പറന്നു വരുന്ന ഈ പക്ഷിക്കൂട്ടങ്ങൾക്കു വേണ്ടി ആകാശമിങ്ങനെ എല്ലായിടങ്ങളിലും കതകു തുറന്നിട്ടിരിക്കുകയാണ്. അവരുടെ കുഞ്ഞു വയറു നിറയാൻ മാത്രം ഭൂമിയിലെ മരങ്ങളെല്ലാം അവർക്കായി ചില്ലയിൽ വിരുന്നൊരുക്കി ഇരിക്കുകയാണ്. പാടുപെട്ടു പറന്നു വരുന്ന പക്ഷികൾക്ക് വേണ്ടി പ്രകൃതി പോലും വിരുന്നൊരുക്കുമ്പോൾ ഒരു മനുഷ്യന് വേറൊരു മനുഷ്യനെ സ്വീകരിക്കാൻ ആകുന്നില്ലലോ!

“നിങ്ങളിങ്ങനെ നിങ്ങളായി തുടരണമെന്ന് ആഗ്രഹിക്കുകയും, ഞങ്ങളിങ്ങനെ നായയായി തുടരണമെന്ന് നിങ്ങൾ ആശിക്കുകയും ചെയ്യുന്ന കാലത്തോളം ഈ ലോകം ഇങ്ങനെത്തന്നെയായിരികും” ‘പരിയേറും പെരുമാൾ’ എന്ന തമിഴ് ചിത്രത്തിന്റെ അവസാനഭാഗത്തെ ഈ ഡയലോഗ് ആഴ്ന്നിറങ്ങുന്നത് തീരെ ചുരുങ്ങിപ്പോയ ഹൃദയത്തിന്റെ ഉടമകളായ മനുഷ്യരുടെ മൃതിയടഞ്ഞ മനുഷ്യത്വത്തിന്റെ കല്ലറകൾക്കുള്ളിലേക്കാണ്.

സമൂഹത്തിന്റെ അതിർത്തകളിൽ നിന്നും വർണ്ണവർഗ വിവേചനത്തിന്റെ മുള്ളു വേലികൾ ഒരു പരിധി വരെ പിഴുതെറിഞ്ഞെങ്കിലും ചിലരുടെയൊക്കെ നെഞ്ചിനകത്തെ വിവേചന വൃക്ഷങ്ങളിങ്ങനെ മുളം കാടുപോലെ തിങ്ങി വളരുകയാണ്…ഒരു കാറ്റിലും മറിയാതെ ഒരു വേനലിലും ഉണങ്ങാതെ. പണം കൊണ്ടും പ്രമാണിത്തം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും സംസ്കാരം കൊണ്ടും വെട്ടവും വെളിച്ചവും കുറച്ചു കൂടുതലുള്ളരാണെന്ന് കരുതുന്നവരുടെ കൂട്ടത്തിലും ഉണ്ട് സാംസ്കാരിക ഫ്യുഡൽ പ്രഭുക്കന്മാർ.

യൂറോപ്പിലെ രാജ്യങ്ങളിൽ അവരിങ്ങനെ മെട്രോയോയിൽ യാത്ര ചെയുമ്പോൾ നിറം കുറവുള്ള ആഫ്രിക്കക്കാരനോ പണം കുറവുള്ള ഏഷ്യക്കാരനോ അവർക്കരികിലെ കാലിക്കസേര കണ്ട് ഇരിക്കാൻ ചെല്ലുമ്പോൾ, മേൽപ്പറഞ്ഞ സംസ്കാരസമ്പന്നൻ അവിടെ നിന്ന് നീങ്ങി ഇരിക്കുകയോ എഴുന്നേറ്റ് മാറി പോകുകയോ ചെയ്യുന്ന അതേ നേരത്തു തന്നെയാണ് കേരളത്തിലെ ലോക്കൽ ബസിലെ സീറ്റിൽ നിന്നും ബംഗാളി അരികിലിരുന്ന കാരണം കൊണ്ട് സംസ്കാരം കൂടിയ മലയാളി എഴുന്നേറ്റു പോകുന്നത്.

വത്തിക്കാനിലെ അല്ത്താരയിൽ നിന്നും പച്ചമാമയുടെ ശില്പം ടൈബർ നദിയിലേക്കു തീവ്ര വിശ്വാസികൾ വലിച്ചെറിഞ്ഞ അതെ നിമിഷം തന്നെയാകണം വടക്കേ ഇന്ത്യയിലെ കത്തോലിക്കാ പള്ളികളിലേക്ക് ആരൊക്കെയോ പെട്ടെന്ന് ഓടിക്കയറി ക്രൂശിതന്റെ കൈ വെട്ടുകയും സക്രാരിയിൽ തീയിടുകയും ചെയുന്നത്. നിരീശ്വരവാദിയാണെലും അങ്ങേരു പറഞ്ഞത് ചില ആളുകളുടെ കാര്യത്തിലെങ്കിലും ശരിയാണ്, ചിലരെ സംബന്ധിച്ചിടത്തോളം ‘അപരൻ ഒരു നരകമാണ്’ [ജീൻ പോൾ സാർത്ര് ].
മനുഷ്യനെ മനുഷ്യനായി കാണാനും കൂടെ നിർത്താനും സാധിക്കാത്ത രീതിയിൽ അടച്ചിട്ട ഹൃദയത്തിൽ തനിച്ചിരുന്നു വീഞ്ഞ് കുടിച്ച്, പണ്ടുണ്ടായിരുന്ന കൊറേ പോഴത്തരങ്ങൾക്കു പാരമ്പര്യം എന്നൊക്കെ പേര് ചാർത്തികൊടുത്ത് തമ്മിൽ തല്ലാനും തല്ലിക്കാനും ആക്കം കൂട്ടുന്ന… അക്ഷരങ്ങൾ ആയുധങ്ങളാക്കുന്ന അക്രമികളോട് പത്രോസിന്റെ പിൻഗാമിക്ക് ചില ചോദ്യങ്ങളുണ്ട്:

“ഇനിയും എത്ര തവണ ഫരിസേയരെ പോലെ നിങ്ങൾ അകലങ്ങൾ കൂട്ടാനുള്ള ഭിത്തി തീർക്കും?
ഇനിയും എത്ര തവണ നിങ്ങൾ അവരെ അവഗണിക്കും ഇനിയും എത്ര തവണ നിങ്ങൾ അവരെ തരംതാഴ്‌ത്തും, വില കുറച്ചു കാണും?
ഇനിയും എത്രനാൾ അവരുടെ സംസ്‍കാരങ്ങളെ അവഹേളിക്കും? അവരുടെ നാട് അപഹരിക്കും ചരിത്രത്തിൽ നിന്നും അവരെ തുടച്ചുമാറ്റും”

നിബിൻ കുരിശിങ്കൽ

https://www.facebook.com/100001971814180