കൊവിഡ് മൂലം പട്ടിണിയിലായ ലൈംഗിക തൊഴിലാളികൾക്ക് സഹായവുമായി ഫ്രാൻസിസ് പാപ്പ

0

കൊവിഡ് മൂലം പട്ടിണിയിലായ ലൈംഗിക തൊഴിലാളികൾക്ക് സഹായവുമായി ഫ്രാൻസിസ് പാപ്പ

“ചുങ്കക്കാരുടെയും പാപികളുടെയും വേശ്യകളുടെയും സ്നേഹിതൻ” എന്നായിരുന്നു സമൂഹം യേശുവിനു നേരെ ഉയർത്തിയ ഏറ്റവും വലിയ ആരോപണം. സമൂഹത്തിൽ ഒറ്റപ്പെട്ടവരെയും ഭ്രഷ്ടരാക്കപ്പെട്ടവരെയും ചേർത്തുപിടിച്ചു നടക്കുന്നതിൽ എന്നാൽ അവൻ യാതൊരു നാണക്കേടും വിചാരിച്ചില്ല. ചുറ്റും അനേകരുണ്ടായിട്ടും തന്നെ ഒരുനോക്കു കാണാൻ മരക്കൊമ്പിൽ കയറി കാത്തിരുന്ന ചുങ്കക്കാരനായ സക്കേവൂസിനെ വിളിച്ചിറക്കി അവന്റെ വീട്ടിൽ പോയി അത്താഴമുണ്ടു. യാക്കോബിന്റെ കിണറരികെ കണ്ടുമുട്ടിയ പിഴച്ചുപോയ ഒരു പെൺകുട്ടിയോട് ദാഹജലം ചോദിച്ചു. പാപിനിയെന്നു മുദ്രകുത്തപ്പെട്ട പെൺകുട്ടിയെ എല്ലാവരും കാൺകെ തന്റെ പാദം കഴുകാൻ അനുവദിച്ചു. അശുദ്ധൻ എന്ന് മുദ്ര കുത്തി അകറ്റി നിർത്തിയ കുഷ്‌ഠരോഗിയെ കരം നീട്ടി സ്പർശിച്ചു. വിധവയുടെ കൊച്ചു കാശിനു സമ്പന്നന്റെ സ്വർണ്ണ നാണയങ്ങളേക്കാൾ മൂല്യം കല്പിച്ചുകൊടുത്തു. ഇങ്ങനെ അനേകം സുവിശേഷ വിവരണങ്ങളിൽ യേശുവിന്റെ തിരുഹൃദയം ആദ്യമായും അധികമായും ആർക്കു വേണ്ടിയാണ് തുടിക്കുന്നതെന്നു വ്യക്തമാക്കപ്പെടുന്നുണ്ട്.

ഇതെഴുതാൻ പ്രേരണയായത് ഒരു വാർത്തയാണ്. ഫ്രാൻസിസ് മാർപ്പാപ്പ ഇറ്റലിയിൽ കൊറോണ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പട്ടിണിയിലായ ട്രാൻസ് ജൻഡർ ലൈംഗിക തൊഴിലാളികൾക്ക് സാമ്പത്തിക സഹായം എത്തിച്ചു കൊടുത്തു എന്ന വാർത്ത. ഒരു പക്ഷെ, കേൾക്കുമ്പോൾ ചിലരെങ്കിലും നെറ്റി ചുളിച്ചേക്കാം. “ഇവൾ എത്തരക്കാരിയാണെന്ന് ഇവനറിഞ്ഞു കൂടേ” എന്ന് പറഞ്ഞു സ്വയം മാന്യൻ എന്ന് ധരിച്ചു വച്ച ഒരു മനുഷ്യൻ യേശുവിനെതിരെ നെറ്റി ചുളിച്ചതു പോലെ തന്നെ( ലൂക്ക 7 :39 ).

സംഭവിച്ചതിങ്ങനെയാണ്. ഇറ്റലി കൊറോണ വൈറസിന്റെ പിടിയിലമർന്നപ്പോൾ ലൈംഗിക തൊഴിലാളികളായ അനേകർ പ്രതിസന്ധിയിലായി. പ്രത്യേകിച്ച്, ട്രാൻസ് ജെൻഡറുകൾ. സ്വതവേ സമൂഹത്താൽ മാറ്റി നിർത്തപ്പെട്ടിരുന്ന അവർ തീർത്തും ഉപേക്ഷിക്കപ്പെട്ട നിലയിലായി. പട്ടിണി സഹിക്കവയ്യാതെയായപ്പോൾ അവരിൽ ഏതാണ്ട് ഇരുപത് പേര് അടങ്ങുന്ന ഒരു ഗ്രൂപ്പ് ഇറ്റലിയിലെ ഒരു പള്ളിയിൽ സഹായം തേടിയെത്തി. പള്ളി വികാരിയായ വൈദികൻ അവർക്ക് ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളും നൽകിയെങ്കിലും മെഡിക്കൽ ആവശ്യങ്ങൾക്കോ താമസ സൗകര്യങ്ങൾക്കോ പണം കണ്ടെത്താനായില്ല. അങ്ങനെയാണ് അദ്ദേഹം വത്തിക്കാന്റെ സഹായം തേടിയത്. ഇക്കാര്യം അറിഞ്ഞ ഫ്രാൻസിസ് മാർപ്പാപ്പ പ്രത്യേക താത്പര്യമെടുത്ത് സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്യുന്ന “പേപ്പൽ അൽമൊണർ” എന്ന ഓഫീസിലൂടെ അവരുടെ സംരക്ഷണത്തിനെത്തുകയായിരുന്നു. ലാറ്റിൻ അമേരിക്കയിൽ നിന്ന് പല കാരണങ്ങളാൽ ഇറ്റലിയിലെത്തി ചില മാഫിയകളുടെ കൈകളിലകപ്പെട്ടു ശരീരം വിറ്റു ജീവിക്കാൻ നിർബന്ധിതരായവരായിരുന്നു അവരിൽ പലരും. “ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ, പരിശുദ്ധ മാതാവ് സംരക്ഷിക്കട്ടെ” – മാർപ്പാപ്പയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് അയച്ച സന്ദേശത്തിൽ അവർ പറഞ്ഞു.

“പാപത്തെ വെറുക്കുക, എന്നാൽ പാപിയെ സ്നേഹിക്കുക” എന്നതാണ് കത്തോലിക്കാ തിരുസഭയുടെ മനോഭാവം. നീതിമാന്മാരെ തേടിയല്ല പാപികളെ തേടിയാണ് താൻ വന്നതെന്ന് യേശു വ്യക്തമാക്കുന്നുണ്ട്(ലൂക്കാ 5: 32 ). ക്രിസ്തുവിന്റെ മനസ്സിനിണങ്ങിയ ഇടയ ശൈലിയാണ് തന്റേതെന്ന് ഇതിനോടകം അനേക സംഭവങ്ങളിലൂടെ തെളിയിച്ച ഫ്രാൻസിസ് പാപ്പാ വീണ്ടും ഒരിക്കൽക്കൂടി അത് മുദ്രയിട്ടുറപ്പിച്ചിരിക്കയാണ്.

കടപ്പാട്: ഫേസ്ബുക്ക്

https://www.thetablet.co.uk/news/12857/pope-gifts-funds-to-transgender-community

Pope Francis helps a small trans community financially struggling due to the pandemic